Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വീടും കാറും വാഗ്ദാനം ചെയ്ത് ഗുജറാത്തി വജ്ര വ്യാപാരി

ഗാന്ധിനഗര്‍- തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കാറുള്ള ശതകോടീശ്വരനായ ഗുജറാത്തി വജ്ര വ്യാപാരിയും എച്ച് കെ ഗ്രൂപ്പ് ഉടമയുമായ സാവ്ജി ധൊലാക്കിയ ഒളിംപിക് വനിതാ ഹോക്കിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കും ലക്ഷങ്ങളുടെ സമ്മാനം പ്രഖ്യാപിച്ചു. സ്വന്തമായി ഒരു വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം അംഗങ്ങള്‍ക്ക് 11 ലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മെഡല്‍ നേടുകയാണെങ്കില്‍ വേറെയും സമ്മാനങ്ങള്‍ സാവ്ജി പ്രഖ്യാപിച്ചിട്ടുണ്ട്. മെഡല്‍ കൊണ്ടു വന്നാല്‍ ടീമിലെ, സ്വന്തമായി വീടുള്ള മറ്റു അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വില വരുന്ന ഒരു പുത്തന്‍ കാറും നല്‍കുമെന്നാണ് വാഗ്ദാനം. ടോക്കിയോ ഒളിംപിക്‌സില്‍ നമ്മുടെ പെണ്‍കുട്ടികള്‍ ചരിത്രം രചിക്കുകയാണ്. അവരുടെ മനോവീര്യം കൂട്ടാനുള്ള ഒരു എളിയ ശ്രമമാണിതെന്നും സാവ്ജി ധോലാക്കിയ ട്വീറ്റില്‍ പറഞ്ഞു.

ഇന്ന് നടന്ന സെമിയില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യന്‍ വനിതാ സംഘം തോറ്റിരുന്നു. അതേസമയം വെങ്കല മെഡല്‍ സാധ്യത ഇനിയും ബാക്കിയുണ്ട്. ബ്രിട്ടനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് വെങ്കലം ലഭിക്കും. കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒളിംപിക് സെമിയില്‍ പ്രവേശിച്ചത്.

Latest News