ഹൈദരാബാദ്- സൈബാറാബാദ് പോലീസ് സ്റ്റേഷന്‍ പ്രദേശത്ത് 18 വയസ്സുകാരി സ്വരസ്വതി കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകന്‍ ദീപക് നയാകര്‍ (19) അറസ്റ്റിലായി. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ പ്രദേശത്തുനിന്ന് പിടികൂടിയ പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മിലിറ്ററി ഡയറി ഫാമിനു സമീപമാണ് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. 18 മാസമായി സരസ്വതിയുമായി ബന്ധമുണ്ടെന്നും വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും ദീപക് സമ്മതിച്ചതായി എ.സി.പി വി.വി.എസ്. രാമലിംഗ രാജു പറഞ്ഞു. വിവാഹം കഴിക്കാന്‍ തനിക്ക് പരിപാടി ഇല്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ നിര്‍ദേശം തള്ളിയിരുന്നുവെന്നും പ്രതി പറഞ്ഞു.
മൊബൈലില്‍ വിളിച്ച സരസ്വതിയോട് ബി.എച്ച്. ഇ.എല്‍ കോളനിക്കു പിറകില്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹ വിഷയം ഉന്നയിച്ചതോടെ വാക്കുതര്‍ക്കത്തിലായെന്നും തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊന്നുവെന്നും പ്രതി പറഞ്ഞു. രാത്രി വൈകിയിട്ടും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് സരസ്വതിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചിരുന്നു. ഒന്നര വര്‍ഷംമുമ്പ് ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.






