പൗരത്വ സമര നായകന്‍ അഖില്‍ ഗൊഗോയ്ക്ക് തൃണമൂലിലേക്ക് ക്ഷണം; അസമില്‍ അധ്യക്ഷനാക്കാമെന്ന് വാഗ്ദാനം

ഗുവാഹത്തി- പൗരത്വ ഭേഗദതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ അസമില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവ നേതാവ് അഖില്‍ ഗോഗോയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണം. തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്നും അസമിലെ തൃണമൂല്‍ അധ്യക്ഷനാക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നു അഖില്‍ പറഞ്ഞു. റയ്‌ജോര്‍ ദള്‍ എന്ന പാര്‍ട്ടിയുടെ നേതാവായ അഖില്‍ നിലവില്‍ എംഎല്‍എയാണ്. പൗരത്വ പ്രക്ഷോഭത്തെ തുടര്‍ന്ന് അറസ്റ്റിലായ അഖില്‍ ഗോഗോയ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയവെ ആണ് അസം തെരഞ്ഞെടുപ്പില്‍ ശിവസാഗര്‍ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചത്. ഒരു മാസം മുമ്പാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്. ഇതിനു പിന്നാലെയാണ് മമത തന്നെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. 

രണ്ടു തവണ കൊല്‍ക്കത്തയില്‍ പോയെന്നും മമതയെ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് അസമിലെ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. മമതയ്ക്ക് മറുപടിയും നല്‍കിയിട്ടില്ല. എന്റെ പാര്‍ട്ടിയായ റയ്‌ജോര്‍ ദള്‍ പ്രതിപക്ഷ ഐക്യത്തിനു നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപിക്കും ബിജെപി സര്‍ക്കാരിനുമെതിരായ പ്രതിപക്ഷത്തിന്റെ ഭാഗത്തായിരിക്കും തന്റെ പാര്‍ട്ടി- അഖില്‍ പറഞ്ഞു. 

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനു വേണ്ടി ശ്രമങ്ങള്‍ നടത്തുന്ന മമത ഇതോടൊപ്പം തന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ബംഗാളിനു പുറത്തേക്കും വളര്‍ത്താനുള്ള പദ്ധതി നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി 2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ഭരിക്കുന്ന ത്രിപുരയിലും പാര്‍ട്ടി നീക്കങ്ങള്‍ നടത്തുന്നുണ്ട്. അഖില്‍ ഗൊഗോയിയെ പോലുള്ള സ്വീകാര്യതയുള്ള നേതാവിനെ കൂടെ കൂട്ടി ബിജെപി ഭരിക്കുന്ന അസമിലും പാര്‍ട്ടിയെ വളര്‍ത്താനാണ് മമതയുടെ ശ്രമം.
 

Latest News