പാവങ്ങള്‍ക്ക് ഇനിയും വാക്‌സിന്‍ കിട്ടിയില്ല, ബൂസ്റ്റര്‍ നിര്‍ത്തിവെക്കണമെന്ന്‌ ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി- കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ നല്‍കുന്നത് സെപ്റ്റംബര്‍ അവസാനം വരെ നിര്‍ത്തിവെക്കണമെന്ന നിര്‍ദേശവുമായ ലോകാരോഗ്യ സംഘടന. ഓരോ രാജ്യത്തും പത്ത് ശതമാനം ജനങ്ങള്‍ക്കെങ്കിലും വാക്‌സിന്‍ ലഭിക്കണമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രയേസസ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബര്‍ അവസാനം വരേയെങ്കിലും ബൂസ്റ്റര്‍ നല്‍കാനുള്ള നീക്കത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മില്‍ കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച വലിയ വിടവാണ് നിലനില്‍ക്കുന്നത്. സ്വന്തം ജനങ്ങളെ ഡെല്‍റ്റ വകഭേദത്തില്‍നിന്ന് രക്ഷിക്കാനുള്ള എല്ലാ സര്‍ക്കാരുകളുടേയും ശ്രമങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, ആഗോള വാക്‌സിന്‍ വിതരണത്തിന്റെ വലിയൊരു ഭാഗം ഉപയോഗിച്ചു കഴിഞ്ഞ രാജ്യങ്ങളെ വീണ്ടും കൂടുതല്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുവദിക്കാനാവില്ല-ടെഡ്രോസ് പറഞ്ഞു.
സമ്പന്ന രാജ്യങ്ങല്‍ മേയ് മാസത്തില്‍തന്നെ ഓരോ 100 പേരെ എടുത്താല്‍ 50 ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. ഈ കണക്ക് പിന്നീട് ഇരട്ടിയായി. എന്നാല്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ഓരോ നൂറു പേര്‍ക്കും ഒന്നര ഡോസ് വാക്‌സിന്‍ മാത്രമാണ് നല്‍കിയത്. വാക്‌സിന്‍ ലഭ്യമല്ലാത്തതാണ് കാരണം. വാക്‌സിന്റെ ഭൂരിഭാഗവും സമ്പന്ന രാജ്യങ്ങളിലേക്ക് പോകുന്നത് അടിയന്തരമായി അവസാനിപ്പിക്കണം. ദരിദ്ര രാജ്യങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ എത്തിച്ചേരണം. ചില രാജ്യങ്ങള്‍ ബൂസ്റ്റര്‍ കൂടി നല്‍കി തുടങ്ങിയതോടെയാണ് അത് നിര്‍ത്തിവെക്കാന്‍ സത്വര നടപടി വേണമെന്ന ആവശ്യവുമായി ലോകാരോഗ്യ സംഘടന രംഗത്തുവന്നിരിക്കുന്നത്.

 

 

 

Latest News