Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കർമഫലം അനുഭവിക്കുകയല്ലാതെ... 


ആയിരം കൊല്ലം കുഴലിലിട്ടാലും നായയുടെ വാലിന്റെ വളവു മാറ്റാൻ കഴിയുമോ എന്നൊരു ചോദ്യം പണ്ടേയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ ശേഷവും കോൺഗ്രസ് എന്ന ഒരു രാഷ്ട്രീയ പാർട്ടി ഇവിടെ അവശേഷിക്കും എന്ന് മുൻകൂട്ടി കണ്ട മഹാന്മാരിൽ ആരോ പടച്ചുവിട്ട.... ചോദ്യമാണത്.
ഒന്നോർത്താൽ, അതിൽ കാര്യമുണ്ട്. പഴയ കാമരാജ് പദ്ധതി മുതൽ ഇങ്ങോട്ടു പരിശോധിച്ചാൽ മതി, ആരൊക്കെ തിരുത്താൻ പിടിച്ചാലും നല്ല അഭ്യാസത്തോടെ വരാൽ മത്സ്യത്തെപ്പോലെ ചാടി രക്ഷപ്പെട്ട ചരിത്രമാണ് കോൺഗ്രസിന്. ഇന്ദിരാഗാന്ധി ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വരാഹഗിരി വെങ്കിട്ട ഗിരി എന്ന കന്നഡ നേതാവിനെ പിടിച്ചു സ്ഥാനാർഥിയാക്കി. അന്നു തുടങ്ങിയതാണ് മൂപ്പന്മാരുടെ പനിയും പിളർപ്പും. മറിച്ചും പറയാം. എങ്കിലും ഇതഃപര്യന്തം മുടങ്ങാതെ ഗ്രൂപ്പും പിളർപ്പും പിണങ്ങിപ്പോക്കും ഒക്കെയായി നാട്ടുകാരെ രസിപ്പിക്കാനുള്ള പരിപാടികൾ അനവധി അവതരിപ്പിക്കുന്നുണ്ട് നമ്മുടെ ദേശീയ പാർട്ടി. 'ആവഡി' സോഷ്യലിസവും 'സയന്റിഫിക് സോഷ്യലിസവു'മൊക്കെ  പരീക്ഷിക്കാവുന്ന ആരോഗ്യനില ഒരിക്കലും കോൺഗ്രസിനുണ്ടായില്ല. അമിത വണ്ണം അഥവാ ദുർമേദസ്സും കഴിഞ്ഞ നൂറ്റാണ്ടിൽ പാർട്ടിയുടെ പ്രവർത്തന ക്ഷമതയെ ബാധിച്ചു. പിന്നെ പെട്ടെന്നായിരുന്നു ശരീരം മെലിയുന്ന രോഗബാധ. ചികിത്സയില്ലാതെ സംസ്ഥാനങ്ങൾ ഒന്നൊന്നായി കൈവിട്ടു. 

കേന്ദ്രം ഭരിക്കണമെങ്കിൽ ഒറ്റക്കാലിൽ നടക്കുന്ന പാർട്ടിയുടെ പിന്തുണയും വേണമെന്ന കാലം വന്നു. 'ഗതികെട്ടാൽ പുലിക്കു പുല്ലു തിന്നാ'തെ വഴിയില്ല. ഏറ്റവുമൊടുവിൽ പിളർക്കാൻ ആളില്ലാഞ്ഞ് പി.സി. ചാേക്കാച്ചനും വടക്കൻ ടോമുമൊക്കെ കൂടിയിറങ്ങിയപ്പോൾ പലരും സംശയിച്ചു- കോൺഗ്രസ് മഹാത്മാഗാന്ധിയുടെ പഴയ ഉപദേശം പൊടിതട്ടിയെടുത്തു നടപ്പിലാക്കുമെന്ന്. പകരം പ്രശാന്ത് കിഷോർ എന്ന ബിഹാരിയും ചാണക്യന്റെ അനന്തരാവകാശിയുമായ ഒരാളെ കവടി സഞ്ചിയുമായി അക്ബർ റോഡിലേക്കു വിളിച്ചുവരുത്തുകയാണുണ്ടായത്!
പ്രശാന്തൻ ചില്ലറക്കാരനല്ല. 2011 ൽ ഗുജറാത്തിൽ മോഡിജിക്കു വേണ്ടി 'തെരഞ്ഞെടുപ്പു തന്ത്ര'മെന്ന ചീട്ടിറക്കി കളിച്ചവനാണ്. ജനതാദൾ കോൺഗ്രസ്, വൈ.എസ്.ആർ കോൺഗ്രസ,് ജനതാപാർട്ടി തുടങ്ങി എത്രയോ പാർട്ടികൾക്കു വേണ്ടി റെക്കോർഡുണ്ട്. അക്കാര്യം ഗിന്നസ് ബുക്ക് അധികാരികളെ കാത്തുകഴിയുന്നു.

കോൺഗ്രസിനെ 'അടിമുടി' മാറ്റാനാണ്. പ്രശാന്തനെ അറിയുന്ന കക്ഷിയുടെ പ്രവേശന മാത്രയിൽ തന്നെ ദില്ലിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭരണകക്ഷിയുടെ പ്രധാന ഓഫീസ് മന്ദിരങ്ങളിൽ വിറയൽ അനുഭവപ്പെട്ടു. ഭിത്തികൾ വിണ്ടുകീറിയ കാര്യം സംഘ്പരിവാറുകൾ മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് കേൾക്കുന്നത്. കോൺഗ്രസിന്റെ ഭാവിക്ക് ഈ 'അടിമുടിമാറ്റം' ഒഴിവാക്കാൻ കഴിയില്ല. 

അടി ഇപ്പോഴും നിർത്തിയിട്ടുമില്ല. പൂർവാധികം ഭംഗിയായി നടത്തപ്പെട്ടാൽ 'മുടി'യെങ്കിലും അവശേഷിക്കുമോ എന്നതാണ് ചിന്താവിഷയം. പാർട്ടി അത്രത്തോളം വശംകെട്ട അവസ്ഥയിലാണ്. 'കൂടെക്കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ' എന്നു പറഞ്ഞതു പോലെയാണ് കാര്യങ്ങൾ. കേരളത്തിലെ ലീഗിനും തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തിനും പനി എത്ര ഡിഗ്രിയുണ്ടെന്ന് മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നു. ഇരുവരും പ്രസ്താവനകളിൽ പാലിക്കുന്ന മിതത്വം കണ്ടാൽ പലതും സംശയിക്കണം. പ്രത്യേകിച്ചും മമതാ ദീദി ദില്ലിക്കു മീതെ വട്ടമിട്ടു പറക്കുന്ന കാലമാണ്. അവർ 'മാഡ'ത്തെ ചെന്നു കണ്ടെങ്കിലും ഒന്നാം സ്ഥാനം വിട്ടുകൊടുക്കുകയില്ല.

****                                            ****                                 ****

പ്രകടന പത്രികയിൽ പറയുന്നതെല്ലാം നടപ്പാക്കാൻ കഴിയുമോ എന്ന ഐതിഹാസികമായ ചോദ്യം ആദ്യം ഉന്നയിച്ചത് മഹാകവി പി.എസ്. വെൺമണിയാണെന്ന് ചരിത്രരേഖകൾ. അദ്ദേഹത്തിനു മറ്റൊരു പേരു കൂടിയുണ്ട്- പി.എസ്. ശ്രീധരൻ പിള്ള. പിൽക്കാലത്ത് അതേ ചോദ്യം അതിനേക്കാൾ അയത്‌ന ലളിതമായി മറ്റൊരാൾ ചോദിച്ചു, വയലാറിലെ ഗർജിക്കുന്ന സിംഹം. ശുദ്ധമലയാളത്തിൽ വയലാർ രവി. 

രണ്ടുപേരും കളങ്കമില്ലാത്ത മനസ്സുള്ളവർ. അതുകൊണ്ട് നേരേ ചൊവ്വേ അതങ്ങു പ്രസ്താവിച്ചു. എ.കെ. ആന്റണി എന്ന തങ്കച്ചനും അതേ ക്യൂവിൽ നിൽക്കാൻ യോഗ്യൻ. പക്ഷേ, ചെറിയതുറ വെടിെവപ്പിന്റെ കാലത്ത് ഇത്തരം പ്രയോഗങ്ങൾ നടത്തുവാൻ ടി.വിയും മൊബൈൽ ക്യാമറയുമൊന്നും ഇല്ലായിരുന്നു. 62 വർഷം മുമ്പ് 1957 ജൂലൈ 2 ന് ഇ.എം.എസ് സർക്കാർ ആ കടൽ തീരദേശത്തു വെടിവെച്ചു. മരണപ്പെട്ട രണ്ടു പേരിൽ ഒരാൾ ഫ്‌ളോറി എന്ന ഗർഭിണി. അതോടെ വിമോചന സമരം കെങ്കേമമായി. 31 ന് മന്ത്രിസഭ പിരിച്ചുവിട്ടു. 

ഫ്‌ളോറിയുടെ മകൻ ജോർജ് ഇപ്പോൾ വെളിപ്പെടുത്തിയതനുസരിച്ച് അദ്ദേഹം നഷ്ടപരിഹാരത്തിന് പല നേതാക്കളെയും മുഖ്യന്മാരെയും കണ്ടു. എ.കെ. ആന്റണി കൈമലർത്തിയത്രേ! അന്ന് ഖജനാവ് കാലിയായിരുന്നു. രക്തസാക്ഷിയുടെ മകന് രാഷ്ട്രീയത്തിൽ പിടിപാടില്ലെന്നു തോന്നുന്നു. ആന്റണി മുഖ്യമന്ത്രിയായി വാണ കാലത്ത് സ്വന്തം ഓഫീസിലെ ഹാളിൽ ട്യൂബ് ലൈറ്റുകൾ പോലും ഇടവിട്ട് സ്വിച്ചോഫ് ചെയ്തു വൈദ്യുതിയും അതുവഴി ഖജനാവും ലാഭിച്ചിരുന്നതിന് ദൃക്‌സാക്ഷികൾ ഇന്നും ജീവിനോടെയുണ്ട്. തങ്കച്ചനച്ചായൻ ആരെയെങ്കിലും സഹായിച്ച ചരിത്രമുണ്ടെങ്കിൽ, ആ താള് വലിച്ചുകീറിയോ ഫോട്ടോസ്റ്റാറ്റ് പകർപ്പെടുത്തോ കൊണ്ടുപോകാമായിരുന്നു. അങ്ങനെയൊന്ന് ഇല്ലല്ലോ!

ലക്ഷ്യം ആനുകൂല്യമായിരുന്നെങ്കിൽ സമീപിക്കാൻ ഏറ്റവും യോഗ്യൻ ഇന്നത്തെ മുഖ്യമന്ത്രി തന്നെയാണ്. പണ്ട് എം.വി. രാഘവൻ സഖാവിനെ ചവിട്ടിയും ഉരുട്ടിയും തേച്ച സി.പി.എം പിൽക്കാലത്ത് പീഡിത സഖാവിന്റെ പുത്രൻ നികേഷ് കുമാറിനെ ചാനലിൽ നിന്നും പൊക്കിയെടുത്ത് വടകരയിൽ കൊണ്ടുപോയി സ്ഥാനാർഥിയാക്കിയില്ലേ? അങ്ങനെ പാപപരിഹാരം നിർവഹിച്ചില്ലേ? നികേഷ് തോറ്റു പോയി. ഓന് യോഗമില്ല; അത്ര തന്നെ!

'ഒരണ'സമരത്തെ വിദ്യാർഥികളുടെ ബോട്ട് യാത്ര സമരത്തിലൂടെ നേതാവായ ശേഷം ആന്റണി ബോട്ടും കായലും കണ്ടിട്ടില്ല എന്നു അടക്കം പറയുന്ന കോൺഗ്രസുകാരുണ്ട്. അവരും മറക്കണ്ട, കോൺഗ്രസ് ജനസമുദ്രത്തിനു വേണ്ടിയാണ് ഭരിക്കുന്നതും ഭരണത്തിലേറാൻ വേണ്ടി കൈകാലുകളിട്ടടിക്കുന്നതും. സമുദ്രത്തെ സ്‌നേഹിക്കുന്നവർ കായലിനെയും ചെറുതോടിനെയും കണ്ടില്ലെന്നു വന്നാൽ അവരെ കല്ലെറിയരുത്.

****                                                  ****                               ****

തലസ്ഥാനത്ത് വിമാനത്താവളത്തിനും ഹജൂർ കച്ചേരിക്കും ഇടയിൽ നാലു കിലോമീറ്റർ കൃത്യം സമദൂരം പാലിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയുടെ താമസം. പണ്ട് ഉള്ളൂരിനടുത്ത് ചെറുവയ്ക്കലിൽ നിന്നും കോളേജിൽ വിദ്യാഭ്യാസത്തിനു പുറപ്പെട്ടപ്പോൾ തന്നെ എസ്.എഫ്.ഐയിൽ അദ്ദേഹം അംഗത്വമെടുത്തു സഖാവായി. പിന്നെ വെച്ചടി വെച്ചടി സമരവും കല്ലേറും അടിയുമായിരുന്നു. 

ജില്ലാ, സംസ്ഥാന സെക്രട്ടറിയായപ്പോഴും ആ പാരമ്പര്യം സംരക്ഷിക്കാനായി. സി.ഐ.ടി.യുവിന്റെ നേതൃത്വമാണ് സഖാവ് ഏറ്റെടുത്തത്. കൃത്യം അറുപത്തിരണ്ടാം വയസ്സിലും അദ്ദേഹത്തിനു ബാല്യമുണ്ടെന്ന് അസംബ്ലിയിൽ തെളിയിച്ചു. ചരിത്രത്തിന്റെ ഏതു ചാനൽ രേഖകളിൽ തപ്പിയാലും അതു രജതരേഖകൾ പോലെ തെളിഞ്ഞു കാണാം. കൃത്യം നടക്കുമ്പോൾ താൻ നേമത്തെ ജനപ്രതിനിധിയാണെന്ന കാര്യം പോലും മറന്നു. 'അങ്കക്കലി വന്നാൽ ആനന്ദം കൊള്ളുവോൻ'.... എന്നു ഭാസ്‌കരൻ മാസ്റ്റർ പണ്ടേ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ, അതിനും ഏറെ മുമ്പ് 'താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരൂ' എന്ന് എഴുത്തച്ഛനും രേഖപ്പെടുത്തിയിട്ടുണ്ട്. 

സുപ്രീം കോടതിയിൽ ചെന്ന് സർക്കാരിന്റെ കേസ് പിൻവലിക്കാൻ നടത്തിയ പരിശ്രമങ്ങൾ മറ്റൊരു ലോക റെക്കോർഡായി. ആടിയ കാലും പാടി വായും അടങ്ങി ഇരിക്കില്ലെന്നു പറഞ്ഞതു പോലെയാണ് ഒരു യഥാർഥ സഖാവിന്റെ ജീവിതം. 'കമ്യൂണിസ്റ്റുകാർക്കു സമരം ചെയ്യേണ്ടിവരും' എന്നാണ് ശിവൻ കുട്ടി സഖാവിന്റെ മഹദ് വചനം. ആ നിലയ്ക്ക് അനിഷ്ട സംഭവങ്ങളും പ്രതീക്ഷിക്കണം.
മന്ത്രിയുടെ കാറിൽ ശിവൻ കുട്ടി നേമം മണ്ഡലത്തിൽ കാലെടുത്തു വെക്കാതെ ബി.ജെ.പിക്ക് തടയിടുകയാണ്. 'പഴുതടച്ച അന്വേഷണമെന്നു പറയുന്ന പോലെ, മണ്ഡലത്തിന്റെ നാലതിരും ബാക്കി അഷ്ട ദിക്കുകളിലും ശേഷം മുക്കും മൂലയും കൊട്ടിയടച്ചാണ് പാർട്ടി സംഘ്പരിവാർ സേനകൾ നിലയുറപ്പിച്ചിട്ടുള്ളത്. ശിവൻ കുട്ടിയെ പണ്ട് ലോക്‌സഭയിലേക്കയച്ചാൽ മതിയായിരുന്നു എന്നു ചിന്തിക്കുന്നവരുണ്ട്. വിമാനത്താവളത്തിലേക്ക് സുഭാഷ് നഗറിൽ നിന്നും തുല്യദൂരമാണെന്ന് ആരംഭത്തിൽ പറഞ്ഞുവല്ലോ. ഇനി അവശേഷിക്കുന്ന ഒരു പ്രശ്‌നം ഉറങ്ങിക്കിടക്കുന്ന 'ഭൂത'ത്തെപ്പോലെയാണ്. അതോർത്ത് എ.കെ.ജി സെന്ററിൽ അന്തിയുറങ്ങുന്നവർക്ക് നിദ്രാവിഹീന രാവുകളാണ് ഇപ്പോൾ. ശിവൻ കുട്ടി രാജിവെയ്ക്കുന്നുവെന്നു കരുതുക; പിണറായി മുഖ്യൻ അതു വേണ്ടന്നൊക്കെ പറയും. അങ്ങോർ ആരാ മോൻ! രാജിവെച്ച ഒഴിവിൽ മന്ത്രിസ്ഥാനത്ത് രണ്ടുപേർക്കു ഭാഗ്യം തെളിയുന്നു. പക്ഷേ കസേര ഒന്നേയുള്ളൂ. തലസ്ഥാനത്തെ ശൂന്യത നികത്തണമെങ്കിൽ 'കടകംപള്ളിയെ വിളിച്ചു കസേരയിലിരുത്തൂ' എന്ന മുറവിളി കേൾക്കണം. സ്വർണക്കടത്തിൽ നേരിട്ടു ബന്ധമൊന്നുമില്ലെന്ന് കസ്റ്റംസുകാരുടെ ക്ലീൻ സർട്ടിഫിക്കറ്റ് വാങ്ങി പോക്കറ്റിലിട്ടു നടക്കുന്ന കെ.ടി. ജലീലിനും മന്ത്രിയാകാം. അങ്ങോർ മുമ്പ് രാജിവെച്ച് ശുദ്ധി തെളിയിച്ച ദേഹമാണ്. കോവിഡ് കേസിൽ സീറോ നിലവാരത്തിലേക്കു താണുകൊണ്ടിരിക്കുന്ന ഭരണമായതിനാൽ 'കെ.കെ. ശൈലജയെ വിളിക്കൂ, കോവിഡിനെ നേരിടൂ' എന്ന വിളിയും പരിഗണിക്കേണ്ടി വരും.

Latest News