റിയാദ് - സൗദി അറേബ്യയിലെ ആദ്യത്തെ വിദേശ സിനിമാ ചിത്രീകരണം സെപ്റ്റംബറിൽ നടക്കുമെന്ന് റിപ്പോർട്ട്. അമേരിക്കൻ, ഹോളിവുഡ് നടി ലിൻസെ ലോഹൻ നായികയായ ഫ്രെയിം എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണത്തിനാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത സെപ്റ്റംബറിൽ റിയാദിൽ ആരംഭിക്കുമെന്ന് ഓസ്‌ട്രേലിയൻ സംവിധായിക നാൻസി പാറ്റൺ പറഞ്ഞു. സിനിമയിലെ ചില ഭാഗങ്ങൾ യു.എ.ഇയിൽ ചിത്രീകരിക്കും. സിനിമയിൽ സൗദി, യു.എ.ഇ അഭിനേതാക്കളും വേഷമിടും. ഇവരിൽ ഭൂരിഭാഗവും വനിതകളാകും.
സൗദിയിൽ സിനിമാ വ്യവസായം തിരികെയെത്തിക്കുന്നതിനുള്ള തീരുമാനം ആദ്യമായി പ്രയോജനപ്പെടുത്തുന്നവരാകാനാണ് ആഗ്രഹിക്കുന്നതെന്ന് നാൻസി പാറ്റണും ലിൻസെ ലോഹനും പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് അമേരിക്കയിൽ നിന്ന് സൗദിയിലേക്ക് പോവുകയും സൗദി യൂനിവേഴ്‌സിറ്റിയിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന വനിതാ ഫോട്ടോഗ്രാഫറുടെ കഥയാണ് ഫ്രെയിം എന്ന് പേരിട്ട സിനിമക്ക് ഇതിവൃത്തമാകുന്നത്.
സൗദിയിൽ സിനിമാ വ്യവസായം തിരിച്ചെത്തിയ ശേഷം ആദ്യമായി പുറത്തിറങ്ങുന്ന ദ്വിഭാഷാ സിനിമയാകും പുതിയ ചലച്ചിത്രം. അടുത്ത വർഷത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നതിന് സാധിക്കുന്ന നിലക്ക്, സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകുന്ന സിനിമയുടെ ചിത്രീകരണം നിശ്ചിത സമയത്ത് പൂർത്തിയാക്കന്നതിനാണ് ലക്ഷ്യമിടുന്നതെന്നും നാൻസി പാറ്റൺ പറഞ്ഞു.