റിയാദ് - ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറുകളിൽ ചേരാൻ നിലവിൽ സൗദി അറേബ്യക്ക് യാതൊരുവിധ ആഗ്രഹവുമില്ലെന്ന് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ആസ്പെൻ സെക്യൂരിറ്റി ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുടെ നിലപാട് സുവ്യക്തമാണ്. പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കാൻ ഏറ്റവും നല്ല മാർഗം ഫലസ്തീൻ രാഷ്ട്ര രൂപീകരണമാണ് എന്നതാണ് സൗദി അറേബ്യയുടെ ഉറച്ച നിലപാട്.
ഫലസ്തീൻ-ഇസ്രായിൽ സംഘർഷം സുസ്ഥിരവും ദീർഘകാലവുമായ രീതിയിൽ പരിഹരിക്കാതെ, മേഖലയിൽ യഥാർഥവും സുസ്ഥിരവുമായ സുരക്ഷ ഉണ്ടാകില്ല. ഫലസ്തീൻ രാഷ്ട്ര സ്ഥാപനത്തിന് ആഗോള സമൂഹം വഴികണ്ടെത്തണം. യെമനിൽ ഹൂത്തികൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുക, അറേബ്യൻ ഉൾക്കടലിൽ സമുദ്ര ഗതാഗതം അപകടത്തിലാക്കുക തുടങ്ങിയ നിഷേധാത്മക പ്രവർത്തനങ്ങൾ ഇറാൻ തുടരുന്നു. ഇറാനും ആഗോള ശക്തികളും തമ്മിൽ 2015 ൽ ഉണ്ടാക്കിയതിനെക്കാൾ കൂടുതൽ ശക്തവും സുദീർഘവുമായ ആണവ കരാർ ഉണ്ടാക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ആഗ്രഹത്തെ സൗദി അറേബ്യ എതിർക്കുന്നില്ല. ഇറാൻ ആണവായുധ സാങ്കേതികവിദ്യ സ്വന്തമാക്കില്ല എന്ന് ഉറപ്പുവരുത്തുന്നിടത്തോളം കാലം ആണവ കരാറിനെ സൗദി അറേബ്യ പിന്തുണക്കുമെന്നും മന്ത്രി വ്യക്തമാക്കി.






