സ്‌നാപ്ചാറ്റ് വര്‍ഷങ്ങള്‍ക്കു മുമ്പ് അവതരിപ്പിച്ച ഫോട്ടോ അപ്രത്യക്ഷമാകല്‍ ഫീച്ചര്‍ വാട്‌സാപ്പിലുമെത്തി. ഒറ്റതവണ കണ്ട ശേഷം ഫോട്ടോകളും വിഡിയോകളും അപ്രത്യക്ഷമാകുന്ന 'View Once' എന്ന വാട്സാപ്പിലെ ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് അയക്കുന്ന ഫോട്ടോകളും വിഡിയോകളും അത് സ്വീകരിക്കുന്ന ആള്‍ കണ്ട ശേഷം ചാറ്റ് ക്ലോസ് ചെയ്യുന്നതോടെ അപ്രത്യക്ഷമാകും. ഇന്‍സ്റ്റഗ്രാമിലെ എക്‌സപയറിങ് മീഡിയ ഫീച്ചറിനു സമാനമാണ് ഇതും. വാട്‌സാപ്പില്‍ അയക്കുന്ന എല്ലാ ഫോട്ടോകളും വിഡിയോകളും ഇങ്ങനെ അപ്രത്യക്ഷമാകില്ല. ഇതിനായി ഫോട്ടോ അയക്കുന്ന സമയത്ത് വ്യു വണ്‍സ് ഫീച്ചര്‍ പ്രത്യേകം സെലക്ട് ചെയ്യേണ്ടതുണ്ട്. അതിനുള്ള വഴികള്‍ താഴെ പറയാം.
വ്യൂ വണ്‍സിനെ കുറിച്ച് അറിയേണ്ടതെല്ലാം
വ്യൂ വണ്‍സ് ഫീച്ചര്‍ ഉപയോഗിച്ച് അയക്കുന്ന ഫോട്ടോകളും വിഡിയോകളും ഫോണിലെ ഫോട്ടോസ് ഫോള്‍ഡറിലോ ഗാലറിയിലോ സേവ് ആകില്ല. ഇവ ഫോര്‍വേഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ സ്റ്റാര്‍ മാര്‍ക്ക് ചെയ്യാനോ സാധിക്കുകയില്ല. ഈ ഫീച്ചര്‍ ഉപയോഗിച്ച് അയക്കുന്ന ഫോട്ടോകള്‍ വീണ്ടും കാണിക്കാന്‍ വാട്‌സാപ്പിനു കഴിയില്ല. വ്യൂ വണ്‍സ് ഫീച്ചര്‍ ഉപയോഗിച്ച് അയച്ച ഫോട്ടോകള്‍ അത് സ്വീകരിക്കുന്ന ആള്‍ തുറന്നു നോക്കിയില്ലെങ്കില്‍ 14 ദിവസത്തിനുള്ളില്‍ ചാറ്റില്‍ നിന്ന് അത് സ്വമേധയാ അപ്രത്യക്ഷമാകുകയും ചെയ്യും. അതേസമയം തുറന്ന് നോക്കാത്ത മെസേജ് ആണെങ്കില്‍ ബാക്കപ്പില്‍ നിന്ന് വ്യൂ വണ്‍സ് മീഡിയ റീസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും. വ്യൂ വണ്‍സ് ഫോട്ടോകളും വിഡിയോകളും തുറന്നു കണ്ടവയാണെങ്കില്‍ അത് ബാക്കപ്പില്‍ ലഭിക്കില്ല. വ്യൂ വണ്‍സ് ഫോട്ടോകള്‍ തുറന്ന് അപ്രത്യക്ഷമാകുന്നതിനു മുമ്പായി സ്‌ക്രീന്‍ഷോട്ട്/ സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കാന്‍ കഴിയും. ഇങ്ങനെ ചെയ്യുന്നത് അയച്ച ആള്‍ക്ക് അറിയാന്‍ മാര്‍ഗവുമില്ല.
വ്യൂ വണ്‍സ് ഉപയോഗിച്ച് ഫോട്ടോകള്‍ അയക്കുന്നത് എങ്ങനെ?
- ആദ്യം വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- ചാറ്റ് ഓപണ്‍ ചെയ്ത് അറ്റാച്‌മെന്റ് ഐക്കണ്‍ ടാപ് ചെയ്യുക
- അയക്കേണ്ട ഫോട്ടോ/ വിഡിയോ ഗാലറിയില്‍ നിന്ന് സെലക്ട് ചെയ്യുക.
- സെലക്ട് ചെയ്ത ശേഷം താഴെ കാണുന്ന 'Add a caption' ബാറില്‍ വലതു വശത്തായി ക്ലോക്ക് പോലൊരു ഐക്കണ്‍ കാണാം. ഇതാണ് വ്യൂ വണ്‍സ് ഫിച്ചര്‍. ഈ ഐക്കണില്‍ ടാപ് ചെയ്താല്‍ ഈ ഫീച്ചര്‍ എനേബ്ള്‍ ആകും. ഇനി വ്യൂ വണ്‍സ് ഫോട്ടോകള്‍ അയച്ചു തുടങ്ങാം.