ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചൈനയില്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്- ചൈനയിലെ ടിയാന്‍ജിന്‍ ഫോറിന്‍ സ്റ്റഡീസ് യൂനിവേഴ്‌സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിയായ അമന്‍ നാഗ്‌സെന്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദേശിയെ അറസ്റ്റ് ചെയ്തതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. പ്രതി ഏതു രാജ്യക്കാരനാണെന്നു വെളിപ്പെടുത്തിയിട്ടില്ല. ജൂലൈ 29ന് രാത്രി എട്ടു മണിക്കാണ് അമനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ടിയാന്‍ജിന്‍ പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ബിഹാറിലെ ഗയ സ്വദേശിയാണ് അമൻ നാഗ്സെൻ.

പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഇതേ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയാണ്. വിവരം അധികൃതര്‍ ചൈനയിലെ ഇന്ത്യന്‍ എംബസിയേയും അറിയിച്ചു. ചൊവ്വാഴ്ചയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കേസ് അന്വേഷണ പുരോഗതി എംബസി അമന്‍ നാഗ്‌സെനിന്റെ കുടുംബത്തെ അറിയിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് എംബസി. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.
 

Latest News