തൃശൂര്‍- നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായി 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ
ധര്‍മ്മേന്ദ്ര ഷാജി എന്നറിയപ്പെടുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി നടയ്ക്കല്‍
വീട്ടില്‍ ഷാജി ജോര്‍ജ്ജ് (48) അറസ്റ്റിലായി. കൊരട്ടി സിഐ ബി.കെ. അരുണും സംഘവുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
2008 ല്‍ വെസ്റ്റ് കൊരട്ടി സ്വദേശിനി സിഡിഎസ് ഭാരവാഹിയായിരുന്ന സിമി, , കൊരട്ടി ചിറ്റാരിക്കല്‍ സ്വദേശിനി സുശീല എന്നിവരടക്കം നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് പതിമൂന്ന് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജിയുടെ ഓപ്പറേഷന്‍ഓഗസ്റ്റ് എന്ന പ്രത്യേക പേലീസ് പരിശോധനയില്‍ പിടിയിലായത്.
വിവിധ ഗ്രാമപഞ്ചായത്തുകളിലെ വനിതാ സഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീ ഭാരവാഹികളെ കണ്ടെത്തി താന്‍ 'ന്യു ടേണ്‍ ഓര്‍ഗാനിക്ക് റിസര്‍ച്ച് ആന്റ് പ്രോഡക്ട് ഡയറക്ടര്‍ ആണെന്നും പ്ലാസ്റ്റിക്ക്
ക്യാരി ബാഗും, മറ്റ് പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതിനുള്ള
കമ്പനി തുടങ്ങുന്നതിന് നൂതന കംപ്യൂട്ടറൈസ്ഡ് ഓട്ടോമാറ്റിക്ക്
വിദേശനിര്‍മ്മിത മെഷീനറികള്‍ ഇറക്കുമതി ചെയ്തു തരാമെന്ന്
പ്രലോഭിപ്പിച്ച് പ്രതി പണം തട്ടിയെടുക്കുകയായിരുന്നു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ പ്രതി ഇത്തരത്തില്‍ പണം തട്ടിയെടുത്തിരുന്നതായും പരാതി ഉയര്‍ന്നിരുന്നു.
നോര്‍ത്ത് ചാലക്കുടിയില്‍ ഇയാള്‍ തട്ടിപ്പിനായി ഓഫീസും പ്രവര്‍ത്തിപ്പിച്ചിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചപ്പോള്‍ മുതല്‍ 13 വര്‍ഷമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കണ്ണൂര്‍ സ്വദേശിയായ പ്രതി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍
തട്ടിപ്പിനായി ഓഫീസുകള്‍ തുറന്നിരുന്നു. തളിപ്പറമ്പ് ,കൊരട്ടി , ചാലക്കുടി
എറണാകുളം, ആലുവ തുടങ്ങിയ സ്ഥലങ്ങളിലും മറ്റും വിവിധ തട്ടിപ്പു
കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.






