കണ്ണൂര്‍- കേരളത്തില്‍ അപൂര്‍വവും കണ്ണൂരില്‍ ആദ്യത്തേതുമായ വനിതാ ക്വട്ടേഷനുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സമൂഹ മാധ്യമ കൂട്ടായ്മകളില്‍ പോര് മുറുകുന്നു.
സിവില്‍ കോണ്‍ട്രാക്ടറെ അപായപ്പെടുത്താന്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ മുഖ്യ പ്രതിക്കായി പോലീസ് വലയൊരുക്കുമ്പോഴാണ് ക്വട്ടേഷന്‍ സംഘാംഗങ്ങളേയും നല്കിയയാളെയും ചൊല്ലി സമൂഹമാധ്യമങ്ങളില്‍ പോര് മുറുകുന്നത്. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ബി.ജെ.പിക്കാരും നല്കിയ വ്യക്തി സി.പി.എം അനുഭാവിയുമായതാണ് പോരിന് വഴിവെച്ചത്.
പരിയാരം പോലീസ് സ്റ്റേഷന് പരിധിയില്‍ പെട്ട അതിയടം ശ്രീസ്ഥയിലെ സിവില്‍ കോണ്ട്രാക്ടര് സുരേഷ് ബാബുവിനെ അപായപ്പെടുത്താന്‍ കണ്ണൂര്‍ കേരള ബാങ്ക് ഉദ്യോഗസ്ഥ സീമ ക്വട്ടേഷന്‍ നല്കിയ സംഭവത്തിലാണ് രാഷ്ട്രീയ വിവാദം. ഈ കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന് ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്. ഏപ്രില്‍ 18 ന് രാത്രി വീട്ടുമുറ്റത്തു വെച്ചാണ് സുരേഷ് ബാബുവിന് നേരെ ആക്രമണമുണ്ടായത്. ഈ സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ പയ്യന്നൂര്‍ കാനായി സ്വദേശിനിയും കണ്ണൂരില്‍ താമസക്കാരിയുമായ സീമ ഒളിവിലാണ്. ഇവര്‍ക്കായി സൈബര്‍ സേനയുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കയാണ്.
പിടിയിലായ പ്രതികളില്‍ മൂന്നു പേര് സി.പി.എം പാര്‍ട്ടി ഗ്രാമമായ നെരുവമ്പ്രം സ്വദേശികളാണെങ്കിലും ബി.ജെ.പി അനുഭാവികളാണ്. ഇവരുടെ ഫോട്ടോയും പത്രവാര്‍ത്തയുടെ കട്ടിംഗും അടക്കമുള്ള ഫോട്ടോ വെച്ചാണ്, ആര്.എസ്.എസ് ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന പേരില്‍ സി.പി.എം അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നത്. ഇതിന് എതിരായി ഒന്നാം പ്രതി സീമയുടെ ഫോട്ടോ വെച്ച് കോണ്‍ട്രാക്ടറെ വധിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സി.പി.എം പ്രവര്‍ത്തകയെ ഉടന്‍ അറസ്റ്റു ചെയ്യുക എന്ന പേരിലാണ് മറുവിഭാഗത്തിന്റെ പ്രചാരണം.
അതിനിടെ, മുഖ്യ പ്രതി സീമയെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമ്പോഴും, പിടിയിലായ ക്വട്ടേഷന്‍ സംഘങ്ങളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രതികളില്‍ രണ്ട് പേര് മലപ്പുറത്തെ പി.വി.അന്‍വര്‍ എം.എല്‍.എയെ വധിക്കാന്‍ ശ്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന വിവരമാണിതില്‍ പ്രധാനം. പ്രതികളില്‍ ജീഷ്ണുവും അഭിലാഷും നിലമ്പൂരില്‍ പോയി മടങ്ങി വരുന്നതിനിടെ പഴയങ്ങാടി എസ്.ഐ വാഹനം തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പഴയങ്ങാടി പോലിസ് കേസൊന്നും റജിസ്റ്റര്‍ ചെയ്തിരുന്നില്ല.
പോലീസ് അന്വേഷിക്കുന്ന സീമ, സി.പി.എം അനുഭാവിയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ ഇവര്‍ ഭര്‍ത്താവുമായി പിണങ്ങി, കണ്ണൂരില്‍ ഫ്ളാ റ്റെടുത്ത് തനിച്ചായിരുന്നു താമസം. ഭര്‍ത്താവിന്റെ അടുത്ത ബന്ധുവാണ് ആക്രമണത്തിനിരയായ സുരേഷ് ബാബു. ഭര്‍ത്താവുമായുള്ള പ്രശ്നത്തില്‍ ഭര്‍ത്താവിനൊപ്പം നിന്നതും, നേരത്തെ നല്കിയ പണം തിരികെ നല്‍കാത്തതിലുമുള്ള വിരോധവുമാണ് ക്വട്ടേഷന്‍ നല്കാന് കാരണം. ആറു മാസം കിടത്തണം എന്നായിരുന്നുവത്രേ ഇവര്‍ സംഘാംഗങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശം. ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.പിഎം പ്രാദേശിക നേതൃത്വത്തിന് ഇവര്‍ നിരന്തരം പരാതി നല്‍കിയതായും പറയുന്നു. ഇവരുടെ ഉന്നത ബന്ധങ്ങള്‍ മൂലമാണ് ആക്രമണ കേസില്‍ മൂന്നര മാസത്തോള കാലം യാതൊരു വിധ അന്വേഷണവും നടക്കാതിരുന്നതെന്നും പറയുന്നു.
അതിനിടെ, അകന്നു കഴിയുന്ന സ്വന്തം ഭര്‍ത്താവിനെ വധിക്കാനും സീമ ക്വട്ടേഷന്‍ നല്‍കിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു മാണീ വിവരങ്ങള്‍ ലഭിച്ചത്. ഇതിന് കൂട്ടുപിടിച്ചത് കൊലക്കേസ് പ്രതി കൂടിയായ നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷിനെയാണ്. എന്നാല്‍ ഭര്‍ത്താവ് പോലീസുകാരനാണെന്നറിഞ്ഞതോടെ ഇയാള്‍ ക്വട്ടേഷന്‍ ഒഴിവാക്കി. 2013 ല്‍ നീലേശ്വരം പേരോലിലെ ജയന് എന്ന യുവാവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുധീഷ്. ഈ കേസില്‍ ഈ മാസം 14 ന് കോടതി വിധി പറയാനിരിക്കെയാണിയാള് ക്വട്ടേഷന്‍ കേസില്‍ പിടിയിലാവുന്നത്.






