വാട്‌സ്ആപ്പ് പുതിയ നിരവധി ഫീച്ചറുകളും അപ്‌ഡേറ്റുകളുമാണ് ഈയടുത്തായി പുറത്തിറക്കിയത്.
ഇൻസ്റ്റാഗ്രാം സ്റ്റോറികൾ സ്റ്റാറ്റസ് മെസേജ് ആയി ചേർക്കുന്നതിനും ഫേസ് ബുക്കിലെ പോലെ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നതിനും വോയിസ് കോളിൽനിന്ന് വീഡിയോ കോളിലേക്ക് മാറുന്നതിനുമുളള സൗകര്യവുമൊക്കെ ഇവയിൽ ചിലതാണ്.
വോയിസ് മെസേജിൽ പുതിയ രണ്ട് ഫീച്ചർ കൂടി ഏർപ്പെടുത്തുകയാണ് വാട്‌സ്ആപ്പ്. അയക്കുന്നതിനു മുമ്പ് ശബ്ദ സന്ദേശം കേൾക്കുന്നതിനും റെക്കോർഡ് ചെയ്യാനുമുള്ള സൗകര്യമാണിത്.
തുടക്കത്തിൽ ഈ സൗകര്യങ്ങൾ ആപ്പിൾ (ഐഒസ്) പതിപ്പിൽ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് വാട്‌സ്ആപ്പ് നിരീക്ഷിക്കുന്ന വാബീറ്റാഇൻഫോ സൈറ്റ് റിപ്പോർട്ടിൽ പറയുന്നു. അടുത്ത ആഴ്ചകളിൽതന്നെ ഇത് ആൻഡ്രോയിഡ് പതിപ്പിലും പ്രതീക്ഷിക്കാം.
ശബ്ദ സന്ദേശങ്ങൾ അയക്കുന്നതിനു മുമ്പ് കേൾക്കാൻ സാധിക്കുന്നത് ഉപയോക്താക്കൾക്ക് പ്രിയങ്കരമാകുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയച്ചു കഴിഞ്ഞാൽ മാത്രമേ അയക്കുന്നയാൾക്കും അതു കേൾക്കാൻ സാധിക്കൂ. സ്മാർട്ട് ഫോണിൽ വേറെ തന്നെ റെക്കോർഡ് ചെയ്‌തെങ്കിൽ മാത്രമേ അയക്കുന്നതിനു മുമ്പ് കേട്ട് പരിശോധിക്കാൻ സാധിക്കുമായിരുന്നുള്ളൂ. റെക്കോർഡ് ചെയ്യുന്ന ഫയൽ അറ്റാച്ച് ചെയ്ത് അയക്കാനുള്ള സംവിധാനം നേരത്തെ തന്നെ വാട്‌സ്ആപ്പിലുണ്ട്.
ഐ.ഒഎസ് പതിപ്പ് 2.18.10 ലാണ് ശബ്ദം സന്ദേശം അയക്കുന്നതിനു മുമ്പ് കേൾക്കാൻ സൗകര്യമുള്ളത്. മുമ്പത്തേതു പോലെ വോയിസ് മെസേജ് ബട്ടൺ അമർത്തി പിടിക്കുന്നതിനു പകരം ക്ലിക്ക് ചെയ്താൽ തന്നെ റെക്കോർഡ് ചെയ്യാവുന്ന സൗകര്യം നേരത്തെ ഏർപ്പെടുത്തിയിരുന്നു.
ശബ്ദ സന്ദേശം റെക്കോർഡ് ചെയ്യുമ്പോൾ ഇടയ്ക്ക് തടസ്സം നേരിട്ടാൽ അതുവരെയുള്ളത് റെക്കോർഡ് ചെയ്യപ്പെടുമെന്നതാണ് മറ്റൊരു ഫീച്ചർ. നിങ്ങൾ വാട്‌സ്ആപ്പിൽ ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കേ കോൾ വരികയാണെങ്കിൽ അതുവരെ റെക്കോർഡ് ചെയ്തത് സേവ് ചെയ്യും. ഇടയ്ക്ക് വെച്ച് വാട്‌സ്ആപ്പിൽനിന്ന് മാറേണ്ടിവന്നാലും വീണ്ടും റെക്കോർഡ് ചെയ്യാതെ സേവ് ചെയ്ത കോപ്പി അയക്കാം. കേൾക്കുകയും ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യുകയുമാവാം.
ഇതിനു പുറമെ വേറെയും ഫീച്ചറുകൾ വാട്‌സ്ആപ്പിന്റെ പണിപ്പുരയിലാണ്. അടുത്ത ബീറ്റ പാതിപ്പുകളിൽ ഉപയോക്താവിന് കൂടുതൽ സൗകര്യങ്ങൾ പ്രതീക്ഷിക്കാം.