കാസര്‍കോട്- അബ്കാരി കേസില്‍ റിമാന്‍ഡിലായ പ്രതി മരിച്ചു. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരന്‍ ആണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. എക്‌സൈസിന്റെ മര്‍ദനമേറ്റതാണു മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപണം.
ജൂലൈ 19നാണ് കരുണാകരനെ ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് സംഘം ഓട്ടോറിക്ഷയില്‍ ചാരായം കടത്തുന്നതിനിടെ പിടികൂടി റിമാന്‍ഡിലാക്കിയത്. ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ജൂലൈ 22ന് ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ പിന്നീടു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മദ്യം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിഭ്രാന്തി കാട്ടിയതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.
ശരീരഭാഗങ്ങളില്‍ പരുക്കുകളുമായാണ് എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. രണ്ട് ദിവസം വെന്റിലേറ്ററില്‍ കിടന്ന കരുണാകരന്‍ തിങ്കളാഴ്ച രാത്രിയോടെയാണു മരിച്ചത്. പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. മജിസ്‌ട്രേറ്റ് നേരിട്ടെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തും.






