ഭോപ്പാല്‍- ചായക്കടയില്‍ വില്‍ക്കാനുണ്ടാക്കിയ ചട്ണിക്ക് രുചിയില്ലാത്തതിന്റെ പേരില്‍ ചായക്കടക്കാരന്‍ ഭാര്യയെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ദതിയ സ്വദേശിയായ ആനന്ദ് ഗുപ്തയാണ് ഭാര്യ പ്രീതിയെ കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്.
ഹൈവേയില്‍ ചായക്കട നടത്തുന്നയാളാണ് ആനന്ദ് ഗുപ്ത. വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളും ഇവിടെ വില്‍പ്പന നടത്തിയിരുന്നു. സമോസയും മറ്റ് പലഹാരങ്ങളും ഭാര്യയാണ് ഉണ്ടാക്കാറ്. ഇതോടൊപ്പമുണ്ടാക്കിയ ചട്ണിക്ക് രുചിയില്ലെന്നായിരുന്നു ഗുപ്തയുടെ അഭിപ്രായം. ഈ ചട്ണി വിളമ്പിയാല്‍ കടയിലേക്ക് ആളുകള്‍ വരില്ലെന്നു പറഞ്ഞു ദമ്പതിമാര്‍ വഴക്കിടുകയും ഗുപ്ത ഭാര്യയെ മര്‍ദിക്കുകയുമായിരുന്നു.
മര്‍ദനം തടയാന്‍ അമ്മ ശ്രമിച്ചെങ്കിലും പ്രതി ഇവരെയും ഭീഷണിപ്പെടുത്തി. ക്രൂരമായ മര്‍ദനത്തിനൊടുവില്‍ പ്രീതി മരിക്കുകയായിരുന്നു. മക്കളാണ് പോലീസിനെ വിവരമറിയിച്ചത്.






