Sorry, you need to enable JavaScript to visit this website.

ബഷീർ: സർഗാത്മകതയുടെ നിലക്കാത്ത പ്രവാഹം -ഡോ.എൻ.പി ഹാഫിസ് മുഹമ്മദ്

ചേതന സംഘടിപ്പിച്ച 'ബഷീർ: എഴുത്തും ജീവിതവും' എന്ന പരിപാടിയിൽ ഡോ.എൻ.പി ഹാഫിസ് മുഹമ്മദ് സംസാരിക്കുന്നു. 
'മതിലുകൾ': ഏകപത്ര നാടകത്തിൽ കാതറിൻ

റിയാദ് - മലയാളമുള്ള കാലത്തോളം ബഷീർ വായിക്കപ്പെടുമെന്നും സർഗാത്മകതയുടെ നിലക്കാത്ത പ്രവാഹമാണ് ബഷീർ കൃതികളെന്നും എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഡോ. എൻ.പി ഹാഫിസ് മുഹമ്മദ് പറഞ്ഞു. ചേതനാ ലിറ്റററി ഫോറം' സംഘടിപ്പിച്ച 'ബഷീർ: എഴുത്തും ജീവിതവും' സാഹിത്യ സായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബഷീറിന്റെ സമ്പൂർണ കൃതികൾ പതിനെട്ട് പതിപ്പുകൾ പുറത്തിറങ്ങിയതും അദ്ദേഹത്തെക്കുറിച്ച് നൂറോളം പുസ്തകങ്ങൾ രചിക്കപ്പെട്ടതും ആ പ്രതിഭയുടെ സർഗശേഷിക്കും ജനപ്രിയതക്കുമുള്ള ഉദാത്തമായ ഉദാഹരണമാണ്. സൂഫി ലാളിത്യത്തിന്റെ ആഴം, ജ്ഞാനിയോടും സാധാരണക്കാരനോടുമുള്ള ഒരേ ഭാഷ, കപടതയില്ലാത്ത രചന എല്ലാം ബഷീറിന്റെ പ്രത്യേകതകളായിരുന്നു. കീഴാളരുടെ, മുറിവേറ്റവരുടെ, പ്രണയ നൈരാശ്യം വന്നവരുടെയെല്ലാം നോവുകൾ പങ്കുവെച്ച് ഒരു ഇതിഹാസമായി മാറുകയായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളോരോന്നും.
ബഷീറിയൻ ജീവിതത്തിന്റെ അടരുകളോരോന്നായി പുറത്തെടുത്തു ഹാഫിസ് മുഹമ്മദ് സംസാരിച്ചു. വൈകാരിക മുഹൂർത്തങ്ങളും ഒടുവിൽ ഒരു കുടുംബമായി മാറിയ ജീവിത യാഥാർഥ്യങ്ങളും അദ്ദേഹം പങ്ക് വെച്ചപ്പോൾ പലതും പുതിയ അറിവുകളായി മാറി. 

എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ചർച്ചയിൽ പങ്കെടുത്തു. 'എല്ലാവരും ഇന്ന് മതിലുകൾക്കുള്ളിലാണെന്നും എങ്ങും നാം നിരീക്ഷിക്കപ്പെടുകയാണെന്നും  സ്വാതന്ത്ര്യമെന്നത് പുതുലോകത്തെ സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അക്ഷരലോകത്തെ അസ്തമിക്കാത്ത നക്ഷത്രമാണ് ബഷീറെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 

സാഹിത്യ പ്രവർത്തകരായ സുബൈദ കോമ്പിൽ, നിഖില സമീർ, ഷഹനാസ് സാഹിൽ എന്നിവരും കഥാകാരന്റെ എഴുത്തിന്റെയും ജീവിതത്തിന്റെയും അതിശയിപ്പിക്കുന്ന ജനപ്രിയതയും ദാർശനികതയും പങ്കുവെച്ചു. ഇന്നും ബഷീറിന്റെ നാടും വീടും കാണാൻ വേണ്ടി, കസേരയും മാങ്കോസ്റ്റിൻ മരവും തൊടാൻ വേണ്ടി ജനങ്ങൾ വന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം എഴുതിയത് കടലാസിലായിരുന്നില്ല, മനുഷ്യരുടെ ഹൃദയത്തിലായിരുന്നുവെന്നതിന്റെ തെളിവാണെന്ന് അവർ അഭിപ്രായപ്പെട്ടു. 

'ചേതന ലിറ്റററി ഫോറം' പ്രസിഡന്റ് ഡോ. മുഹമ്മദ് ലബ്ബ അധ്യക്ഷത വഹിച്ചു. റസാഖ് മുണ്ടേരി അവതാരകനായിരുന്നു. ചേതനാ ഭാരവാഹികളായ അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും നൈസി സജ്ജാദ് നന്ദിയും പറഞ്ഞു. 

കാതറിൻ വേഷമിട്ട് അഷ്‌റഫ് കൊടിഞ്ഞി രചനയും സംവിധാനവും ചെയ്ത 'മതിലുകൾ' എന്ന ഏകപത്ര നാടകവും അരങ്ങേറി. 


 

Latest News