ജിദ്ദ-അടുത്ത മാസത്തോടെ ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കമുള്ള സൗദിയിലെ വിദ്യാലയങ്ങള്‍ തുറക്കുമെന്ന പ്രഖ്യാപനം ആശ്വാസത്തോടൊപ്പം  പ്രവാസികള്‍ക്ക് ആശങ്കക്കും കാരണമായി.
ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ സാധാരണനിലയിലാകുമെന്ന പ്രതീക്ഷയോടെ നാട്ടിലേക്ക് പോയ പ്രവാസികളേയും കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിക്കാമെന്ന് കരുതി നാട്ടില്‍ പോകാനൊരുങ്ങിയവരേയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കയാണ് പുതിയ പ്രഖ്യാപനം.
പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പകരം സാധാരണ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് സൗദി ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് വാക്‌സിനേഷനിലുണ്ടായ വിജയമാണ് സൗദി അധികൃതരെ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി 12 വയസ്സ് പിന്നിട്ട വിദ്യാര്‍ഥികള്‍ക്കെല്ലാം രണ്ടു ഡോസ് വാക്‌സിന്‍ നല്‍കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് എട്ടിനകം വിദ്യാര്‍ഥികള്‍ക്ക് ആദ്യ ഡോസ് നല്‍കിയിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാലയങ്ങളുടെ ആദ്യ ടേം ആരംഭിക്കുന്നതിനുമുമ്പ് രണ്ടാം ഡോസ് നല്‍കുന്നതിനാണ് ഈ തീയതി അറിയിച്ചിരിക്കുന്നത്. ഒന്നും രണ്ടും ഡോസുകള്‍ക്കിടയില്‍ മൂന്നാഴ്ച ഇടവേള ആവശ്യമാണ്.
അടുത്ത മാസം സ്‌കൂളുകള്‍ തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആറു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളെ ഓര്‍മിപ്പിച്ചിട്ടുണ്ട്.
പുതിയ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നും കുട്ടികള്‍ക്ക് നാട്ടില്‍നിന്ന് പങ്കെടുക്കാമെന്നും കരുതിയാണ് ധാരാളം കുടുംബങ്ങള്‍ നാട്ടിലേക്ക് പോയത്. നാട്ടിലേക്ക് പോകാനൊരുങ്ങിയ കുടുംബങ്ങള്‍ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയും പങ്കുവെക്കുന്നു. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള യാത്രക്ക് വിലക്കുള്ളതിനാല്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമേ സൗദിയിലേക്ക് വരാന്‍ കഴിയുകയുള്ളൂ. നാട്ടിലെത്തിച്ച കുടുംബങ്ങളെ സ്‌കൂളുകള്‍ തുറക്കുന്നതിനുമുമ്പ് വീണ്ടും സൗദിയിലെത്തിക്കണമെങ്കില്‍ വലിയ തുകയാണ് ചെലവു വരിക. ഖത്തറില്‍ താമസിച്ചാണ് കൂടുതല്‍ പ്രവാസികള്‍ ഇപ്പോള്‍ സൗദിയിലേക്ക് മടങ്ങുന്നത്. മറ്റു രാജ്യങ്ങള്‍ വഴിയും ട്രാവല്‍ ഏജന്‍സികള്‍ യാത്ര പാക്കേജുകള്‍ നല്‍കുന്നുണ്ടെങ്കിലും പരാതികള്‍നിലനില്‍ക്കുന്നു.

	
	




