ദല്‍ഹിയില്‍ ലാലു-മുലായം കൂടിക്കാഴ്ച

ന്യൂദല്‍ഹി- ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. എസ് പി അധ്യക്ഷനും യുപി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും മുലായത്തിനൊപ്പം ഉണ്ടായിരുന്നു. ഞങ്ങള്‍ പൊതുവായ ആശങ്കകള്‍ പങ്കുവെക്കുന്നവരാണെന്നും കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും വേണ്ടിയും അസമത്വത്തിനും ദാരിദ്ര്യത്തിനുമെതിരേയും പൊരുതുന്നവരാണെന്നും ലാലു പ്രതികരിച്ചു. മുതലാളിത്തത്തിനും വര്‍ഗീയതയ്ക്കും പകരം രാജ്യത്തിന് ഇന്ന് വേണ്ടത് സമത്വവും സോഷ്യലിസവുമാണ്- ലാലു ഒരു ട്വീറ്റില്‍ പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രം ലാലുവും അഖിലേഷും ട്വീറ്റ് ചെയ്തു. 

യോഗത്തില്‍ എന്താണ് ചര്‍ച്ചയായത് എന്നതു സംബന്ധിച്ച് നേതാക്കള്‍ ഒന്നും പറഞ്ഞില്ല. ഇരു നേതാക്കളും കണ്ടാല്‍ രാഷ്ട്രീയ ചര്‍ച്ച ചെയ്യുക സ്വാഭാവികമാണല്ലോ എന്നായിരുന്നു എസ് പി നേതാവ് റാം ഗോപാല്‍ യാദവിന്റെ പ്രതികരണം. മുലായം അസുഖബാധിതനായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ കാര്യം അന്വേഷിക്കാനാണ് ലാലു എത്തിയതെന്നും അദ്ദേഹം പറഞ്ഞു. യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു നേതാക്കളുടേയും കൂടിക്കാഴ്ച എന്നതും ശ്ര്‌ദ്ധേയമാണ്. 

കാലിത്തീറ്റ കുംഭകോണ കേസുകളില്‍ ജാമ്യം ലഭിച്ച ലാലു ഈയിടെയാണ് ജയില്‍ മോചിതനായത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അദ്ദേഹം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായി തിരിച്ചെത്താനുള്ള ഒരുക്കങ്ങളിലാണ്.

Latest News