തളിപ്പറമ്പ്- പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോടിലെ ചുള്ളിയോടന്‍ കിടങ്ങിലകത്ത് ഹൗസില്‍ ഹാഷിം (25), പുളിമ്പറമ്പ് ഷഹര്ബാനയില് ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ പെരുന്നാള്‍ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. 17 ഉം, 14 ഉം വയസ്സു പ്രായമുള്ള പെണ്‍കുട്ടികളെ ബൈക്കില്‍ കയറ്റി ആലക്കോട് കാപ്പി മലയിലെ വെള്ളച്ചാട്ടത്തിനടത്തുള്ള സ്ഥലത്തു കൊണ്ടു പോയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും മറ്റും അന്വേഷണം നടത്തുനതിനിടെ രാത്രിയോടെ തിരിച്ചെത്തിക്കുകയായിരുന്നു. പിന്നീട് കുട്ടികളോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. പോക്സോ വകുപ്പനുസരിച്ചാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.






