Sorry, you need to enable JavaScript to visit this website.

ഉന്നാവ് പീഡന ഇരയെ അപായപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന് ക്ലീന്‍ ചിറ്റ്

ലഖ്‌നൗ- പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ച ഉന്നാവിലെ പെണ്‍കുട്ടിയേയും ബന്ധുക്കളേയും അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന സിബിഐ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കോടതി ശരിവച്ചു. സെന്‍ഗാറിന്റെ ബലാത്സംഗത്തിനിരയായ യുവതിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാറിലേക്ക് അമിത വേഗതയില്‍ വന്ന ട്രക്ക് ഇടിച്ചുകയറിയാണ് 2019ല്‍ റായ് ബറേലിയില്‍ അപകടമുണ്ടായത്. സംഭവത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടു കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുകയും അഭിഭാഷകന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിനു പിന്നില്‍ സെന്‍ഗാറിന്റെ ഗൂഢാലോചനയാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പീഡനക്കേസ് പ്രതി കുല്‍ദീപ് സെന്‍ഗാറിനെതിരെ കൊലക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. സിബിഐ നടത്തിയ അന്വേഷണത്തില്‍ സെന്‍ഗാര്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. 

കേസില്‍ സിബിഐ നടത്തിയ അന്വേഷത്തില്‍ സംശയിക്കേണ്ടതായി ഒരു ഒന്നുമില്ലെന്നും കണ്ടെത്തലുകള്‍ സത്യസന്ധമാണെന്നും ജില്ലാ സെഷന്‍സ് കോടതി ശരിവച്ചു. പരാതിക്കാരുടെ പറയുന്നത് ത്രില്ലിങ് കഥയാണെങ്കിലും അവ വെറും അനുമാനങ്ങളും അഭ്യൂഹങ്ങളും മാത്രമാണെന്നും ജില്ലാ സെഷന്‍സ് ജഡ്ജി ധര്‍മേശ് ശര്‍മ പറഞ്ഞു.

ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സെന്‍ഗാര്‍ ഇപ്പോള്‍ ജയിലിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ കുല്‍ദീപ് സെന്‍ഗാറിനേയും സഹോദരനേയും മറ്റു അഞ്ചു പേരേയും 2020 മാര്‍ച്ച് നാലി് കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.

Latest News