ദമാം - ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നഷ്ടപ്പെട്ട, പണവും വിലപിടിച്ച വസ്തുക്കളുമടങ്ങിയ ബാഗ് തിരികെ നല്‍കിയ ബാലികയെ കണ്ടെത്താന്‍ സൗദി പൗരന്‍ സാമൂഹികമാധ്യമ ഉപയോക്താക്കളുടെ സഹായം തേടി.
ബാഗ് തിരികെ ലഭിച്ചതില്‍ പാരിതോഷികം നല്‍കാന്‍ ആഗ്രഹിച്ചാണ് ബാലികയെ കണ്ടെത്താന്‍ സൗദി പൗരന്‍ അന്വേഷണങ്ങള്‍ നടത്തുന്നത്. പണവും വിലപിടിച്ച വസ്തുക്കളും സൂക്ഷിച്ച ബാഗ് എയര്‍പോര്‍ട്ടില്‍ വെച്ച് തന്റെ പക്കല്‍ നിന്ന് നഷ്ടപ്പെടുകയായിരുന്നെന്ന് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയില്‍ സൗദി പൗരന്‍ പറഞ്ഞു.
വിമാനത്താവളത്തില്‍ വെച്ച് ബാഗ് വീണുകിട്ടിയ ബാലിക ഇത് മറ്റൊരാള്‍ വഴി എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. പോലീസ് താനുമായി ബന്ധപ്പെട്ട് പിന്നീട് ബാഗ് കൈമാറുകയായിരുന്നു. ബാഗ് പോലീസില്‍ ഏല്‍പിച്ച ബാലികയെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ല. പാരിതോഷികം കൈമാറുന്നതിന് ബാലികയെ കണ്ടെത്താന്‍ എല്ലാവരുടെയും സഹായം തേടുകയാണ്. വിദേശയാത്ര കഴിഞ്ഞ് ദമാം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തന്റെ കൈയില്‍ നിന്ന് ബാഗ് നഷ്ടപ്പെട്ടത്. രണ്ടോ മൂന്നോ വിദേശ യാത്രകള്‍ നടത്താന്‍ മതിയായ പണവും വിലപിടിച്ച വസ്തുക്കളും ബാഗിനകത്തുണ്ടായിരുന്നു.
ബാഗ് വീണുകിട്ടിയ ബാലിക എയര്‍പോര്‍ട്ടില്‍ മറ്റൊരാളെ ഇത് ഏല്‍പിക്കുകയായിരുന്നു. ഇയാളാണ് ബാഗ് പിന്നീട് പോലീസിന് കൈമാറിയതെന്നും സൗദി പൗരന്‍ പറഞ്ഞു. ബാലികയെ കണ്ടെത്തുന്നതിനു വേണ്ടി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഹാഷ്ടാഗ് ആരംഭിച്ച് സൗദി പൗരന്റെ വീഡിയോ വീണ്ടും പ്രചരിപ്പിച്ചു. പണവും വിലപിടിച്ച വസ്തുക്കളും അടങ്ങിയ ബാഗ് തിരികെ നല്‍കിയ ബാലികയെ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു. ഹാഷ്ടാഗിലൂടെ ബാലികയെ കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന് ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.