Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പകുതിയിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി; സൗദി അതിവേഗം സാധാരണ നിലയിലേക്ക്

റിയാദ്- സൗദി സാധാരണ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിന്റെ അടയാളമായി നിരവധി നടപടികള്‍. ഓഗസ്റ്റ് ഒമ്പതു മുതല്‍ വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ ബുക്കിംഗ് നടപടികള്‍ക്ക് കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടക്കമായിട്ടുണ്ട്. സൗദിയില്‍ വാക്‌സിന്‍ വിതരണം ഏറെ പുരോഗമിച്ച സാഹചര്യത്തിലാണ് പുതിയ നടപടികള്‍. നാളെ  മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും വാക്‌സിന്‍ സ്വീകരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി. രാജ്യത്തെങ്ങുമായി പ്രവര്‍ത്തിക്കുന്ന 600 ഓളം വാക്‌സിന്‍ സെന്ററുകള്‍ വഴി ശനിയാഴ്ച ഉച്ച വരെ 2.66 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.
രാജ്യത്ത് 1,87,02,970 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 79,33,970 പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി 12 മുതല്‍ 17 വരെ വയസ് പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ വിതരണം ഊര്‍ജിതമായി തുടരുകയാണ്. കൊറോണ ചികിത്സയും വാക്‌സിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം സൗജന്യമായാണ് നല്‍കുന്നത്.
രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിലുള്ള സൗദി അറേബ്യയുടെ ആത്മവിശ്വാസത്തിന് സ്ഥിരീകരണമായി വാക്‌സിന്‍ സ്വീകരിച്ച വിദേശ ടൂറിസ്റ്റുകളെ നാളെ മുതല്‍ രാജ്യത്ത് സ്വീകരിച്ചു തുടങ്ങും. സൗദിയിലെത്തിയ ശേഷം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പാലിക്കേണ്ടതില്ല എന്ന പ്രഖ്യാപനം രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ സഹായിക്കും. നിലവില്‍ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന പല രാജ്യങ്ങളും വിദേശികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നുണ്ട്.
ടൂറിസ്റ്റ് വിസകളില്‍ രാജ്യത്തെത്തുന്നവര്‍ പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചത് സ്ഥിരീകരിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകളും സൗദിയിലേക്ക് യാത്ര തിരിക്കുതിനു 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സൗദിയിലെത്തുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്.
സൗദിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈയാവശ്യത്തോടെ പുതുതായി ആരംഭിച്ച പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. തവക്കല്‍നാ ആപ്പിലും ടൂറിസ്റ്റുകള്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ തവക്കല്‍നാ ആപ്പ് ടൂറിസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

 

Latest News