നെതന്യാഹു സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു

അഹമ്മദാബാദ്- ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം റോഡ് ഷോ നടത്തിയാണ് നെതന്യാഹു സബര്‍മതി ആശ്രമത്തില്‍ എത്തിയത്.
20 മിനിറ്റ് ആശ്രമത്തില്‍ ചെലവിട്ട  നെതന്യാഹു ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്തു. ആശ്രമത്തിലേക്കുള്ള യാത്ര പ്രചോദനം പകരുന്നതായിരുന്നുവെന്നാണ് അദ്ദേഹം സന്ദര്‍ശക പുസ്തകത്തില്‍ എഴുതിയത്.
പിന്നീട് മോഡി സമ്മാനിച്ച പട്ടങ്ങള്‍ പറത്തിയ ശേഷമാണ് നെതന്യാഹുവും ഭാര്യ സാറയും മടങ്ങിയത്. മോഡിയുടെ ക്ഷണം സ്വീകിരച്ച് ഗുജറാത്തില്‍ എത്തിയ മൂന്നാമത്തെ ലോകനേതാവാണ് നെതന്യാഹു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചൈനീസ് പ്രസിഡന്റ് ഷിചിന്‍ പിംഗും ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നെതന്യാഹുവും കനത്ത സുരക്ഷയില്‍  വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെ 14 കിലോമീറ്റര്‍ റോഡ് ഷോയിലാണ് പങ്കെടുത്തത്.
സുരക്ഷയുടെ ഭാഗമായി സര്‍ബമതി നദിയിലും ഉന്നത ഉദ്യോഗസ്ഥര്‍ ബോട്ടുകളില്‍ പട്രോളിംഗ് നടത്തിയിരുന്നു. റോഡ് ഷോയുടെ ഭാഗമായി നിരവധി റോഡുകള്‍ അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

 

 

Latest News