ശുചിമുറികള്‍ വളരെ മോശം; മാസത്തില്‍ 3 ദിവസം ആര്‍ത്തവ അവധി വേണമെന്ന് അധ്യാപികമാര്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ശുചിമുറികള്‍ വളരെ ശോചനീയ അവസ്ഥയിലായതിനാല്‍ എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി വേണമെന്ന് സംസ്ഥാനത്തെ അധ്യാപികമാര്‍ രംഗത്ത്. യുപി ബേസിക് എജുക്കേഷന്‍ ഡിപാര്‍ട്‌മെന്റിനു കീഴിലുള്ള അധ്യാപികമാരാണ് ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്. ഇവരുടെ സംഘടനയായ യുപി മഹിളാ ശിക്ഷക് സംഘ് നേതാക്കള്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെ കണ്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യം പരിഗണിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഇവരിപ്പോള്‍ ജനപ്രതിനിധികളേയും സമീപിച്ചു വരികയാണ്. സംസ്ഥാനത്ത് 50 ജില്ലകളില്‍ സാന്നിധ്യമുള്ള ഈ സംഘടന ആറ് മാസം മുമ്പാണ് അധ്യാപികമാര്‍ ചേര്‍ന്ന് രൂപീകരിച്ചത്. 

മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും അധ്യാപികമാര്‍ ഉപയോഗിക്കുന്നത് 400 കുട്ടികള്‍ വരെ ഉപയോഗിക്കുന്ന ടോയ്‌ലെറ്റുകളാണ്. ഇവിടെ വൃത്തിയാക്കലോ ശുചീകരണമോ ഒന്നും നടക്കുന്നുമില്ല. സ്‌കൂളിലെ ശുചിമുറിയില്‍ മൂത്രമൊഴിക്കുന്നത് ഒഴിവാക്കാനായി അധ്യാപികമാര്‍ വെള്ളം കുടി വരെ ഒഴിവാക്കുകയാണ്. ഇതുമൂലം പല അധ്യാപികമാര്‍ക്കും മൂത്ര സംബന്ധമായ അണുബാധ ഉണ്ടാകുന്നു. ഒന്നുകില്‍ മോശം ശുചിമുറികള്‍ ഉപയോഗിക്കുക അല്ലെങ്കില്‍ തുറസ്സായ സ്ഥലങ്ങള്‍ തേടി പോകുക മാത്രമെ മാര്‍ഗമുള്ളു. പലരും 40 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഗ്രാമങ്ങളിലെ സ്‌കൂളിലെത്തുന്നത് എന്നതിനാല്‍ ആര്‍ത്തവ സമയത്ത് ഇത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്- അധ്യാപിക സംഘടനയുടെ പ്രസിഡന്റ് സുലോചന മൗര്യ പറയുന്നു. 

പ്രൈമറി സ്‌കൂളുകളിലെ അധ്യാപകരില്‍ 60 മുതല്‍ 70 ശതമാനം വരെ സ്ത്രീകളാണ് എന്നതിനാല്‍ ഈ തങ്ങളുടെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ രേഖകളില്‍ സ്‌കൂളുകളിലെ ടോയ്‌ലെറ്റുകളുടെ കാര്യം ബഹുകമമാണ്. സംസ്ഥാനത്തെ 95.9 ശതമാനം സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു വേണ്ടി മാത്രമായി പ്രര്‍ത്തനക്ഷമമായ ടോയ്‌ലെറ്റുകള്‍ ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലഭ്യമായ കണക്കുകളില്‍ പറയുന്നത്. ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്.

Latest News