പിഴമാലയണിഞ്ഞ് ഡ്രൈവറുടെ ഒറ്റയാള്‍ സമരം വൈറലായി

മലപ്പുറം-അനാവശ്യമായി പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ രസീതുകള്‍ കഴുത്തിലണിഞ്ഞ് മുന്‍ പ്രവാസിയുടെ ഒറ്റയാള്‍ സമരം നവമാധ്യമങ്ങളില്‍ വൈറലായി.
ചെങ്കല്ല് കയറ്റിപ്പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് അനാവശ്യമായി പിഴ ഈടാക്കുന്നതായാണ് ചെങ്കല്ല് ലോറി ഡ്രൈവറായ പുല്‍പ്പറ്റ സ്വദേശി വരുത്തക്കാടന്‍ റിയാസിന്റെ പരാതി.   കോവിഡ് കാലത്ത് പിഴയടച്ചതിന്റെ റസീതുകള്‍ കോര്‍ത്ത് മാലയാക്കി കഴുത്തിലണിഞ്ഞാണ് പ്രതിഷേധിച്ചത്. പതിനായിരം മുതല്‍ 250  രൂപ വരെയുള്ള പിഴ ഈടാക്കിയതിന്റെ മുപ്പത്തഞ്ചോളം രസീതുകളാണ് ഇയാള്‍ കഴുത്തിലണിഞ്ഞത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്; ചെങ്കല്ല് വാഹന സര്‍വീസിന് അനുമതി നല്‍കിയിട്ടും വഴിനീളെ ഉദ്യോഗസ്ഥര്‍ നടത്തുന്ന അനാവശ്യ പരിശോധനമൂലം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാന്‍ വേണ്ടിയുള്ള സമരം എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയായിരുന്നു ഒറ്റയാള്‍ സമരം.

ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് റിയാസ് ആരോപിച്ചു. ജനങ്ങളെ പിഴിഞ്ഞ് സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ പണം ഉണ്ടാക്കുന്നത്? ഈ ആഴ്ച നാല് ദിവസമാണ് ഓടിയത്. 1250 രൂപ പിഴ ചുമത്തി. പോലീസുകാരെക്കൊണ്ട് അത്ര ബുദ്ധിമുട്ടില്ല. ജിയോളജി, റവന്യൂ ആളുകളാണ് ബുദ്ധിമുട്ടിക്കുന്നത്. ആകെ 400-500 രൂപയാണ് കൂലി കിട്ടുന്നത്. അത് പിഴ കൊടുത്താല്‍ പിന്നെ ജീവിക്കണ്ടേ? -  റിയാസ് പറഞ്ഞു.
സൗദി അറേബ്യയില്‍ പോയി വണ്ടി ഓടിച്ചിട്ട് ഇത്ര പ്രശ്നം ഉണ്ടായിട്ടില്ലെന്നും റിയാസ് പറഞ്ഞു.

 

Latest News