കല്‍പറ്റ-മഹിളാ കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി ആര്‍.പി.ശിവദാസിനു മുന്‍കൂര്‍ ജാമ്യം. കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം, ജില്ലയ്ക്കു പുറത്തു പോകരുത് എന്നീ ഉപാധികളോടെയാണ് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
2019 ഡിസംബര്‍ ആറിനു ബത്തേരി കോട്ടക്കുന്നിലെ വീട്ടിലെത്തിയ ഡി.സി.സി ജനറല്‍ സെക്രട്ടറി വെള്ളം ചോദിക്കുകയും പിന്നാലെ അടുക്കളയിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ബത്തേരിയിലെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച പരാതിയില്‍ ബത്തേരി പോലീസ് കേസെടുത്തതിനെത്തുടര്‍ന്നു ഒളിവില്‍ പോയ ശിവദാസ് കല്‍പറ്റ ബാറിലെ അഡ്വ.ജോസഫ് സഖറിയാസ് മുഖേനയാണ് മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വാദം കേട്ടിരുന്നു.
ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനങ്ങളുടെ മറവില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം വാര്‍ത്തയായതിനു പിന്നാലെയാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് ശിവദാസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. അര്‍ബന്‍ ബാങ്ക് മുന്‍ വൈസ് ചെയര്‍മാനാണ് ശിവദാസ്. നിയമനങ്ങളിലെ ക്രമക്കേടുകള്‍ക്കെതിരെ രംഗത്തുവന്നതിനു പിന്നാലെ ഇദ്ദേഹത്തെ ബാങ്ക് ഭരണസമിതി അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് ശിവദാസിനെതിരെ പാര്‍ട്ടിക്കു പീഡനശ്രമ പരാതി നല്‍കുകയുമുണ്ടായി. പിന്നീട് കെട്ടടങ്ങിയ ഈ വിഷയം ബാങ്കിലെ നിയമനങ്ങളെച്ചൊല്ലിയുള്ള ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിക്കു മുന്നിലെത്തിയത്.
ജില്ലയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി ശിവദാസ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനു അയച്ചതെന്ന പേരില്‍ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമനങ്ങളു പേരില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉള്‍പ്പെടെ ചില നേതാക്കള്‍ ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയതായി പറയുന്ന കത്തിന്റെ പിതൃത്വം ശിവദാസ് നിഷേധിച്ചിരുന്നു. അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ഡി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി മിനിയാന്നും ഇന്നലെയും ബത്തേരിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമാരടക്കം 25 ഓളം പേര്‍ തെളിവു നല്‍കാനെത്തിയെങ്കിലും ബാങ്കുമായി ബന്ധപ്പെട്ടവര്‍ നിയമനം വാഗ്ദാനം ചെയ്തു പണം വാങ്ങിയതായ പരാതി സമിതി മുമ്പാകെ എത്തിയില്ല. ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍നിന്നുകൂടി തെളിവു ശേഖരിച്ചശേഷം സമിതി ഡി.സി.സി പ്രസിഡന്റിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ഇ.വിനയന്‍ അധ്യക്ഷനായ സമിതിയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഡി.പി.രാജശേഖരന്‍, ബിനു തോമസ് എന്നിവര്‍ അംഗങ്ങളാണ്. അര്‍ബന്‍ ബാങ്ക് അടക്കം ജില്ലയില്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനു സമിതിയെ കെ.പി.സി.സിയും നിയോഗിക്കുമെന്നാണ് വിവരം.






