പാരിസ്- ഫ്രാന്‍സിലെ മുന്‍നിര അന്വേഷണാത്മക ഓണ്‍ലൈന്‍ പത്രമായ മീഡിയപാര്‍ട്ടിലെ രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ സ്മാര്‍ട്‌ഫോണില്‍ ഇസ്രായിലി ചാരസോഫ്റ്റ് വെയര്‍ പെഗസസിന്റെ സാന്നിധ്യം ഉള്ളതായി ഫ്രാന്‍സിലെ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയായ എന്‍എന്‍എസ്എസ്‌ഐ സ്ഥിരീകരിച്ചു. ലോകത്ത് പലരാജ്യങ്ങളിലായി പെഗസസ് ചാരവൃത്തി സംഭവം പുറത്തു വന്നതിനു ശേഷം ഒരു സര്‍ക്കാര്‍ ഏജന്‍സി പെഗസസിന്റെ ചാരപ്പണി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഈ ആഗോള ചാരവൃത്തി പുറത്തു കൊണ്ടുവന്ന ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ സെക്യൂരിറ്റി ലാബ് കണ്ടെത്തിയതു തന്നെയാണ് ഫ്രഞ്ച് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയും കണ്ടെത്തിയിരിക്കുന്നത്.
തീയതികളും ചോര്‍ത്തല്‍ രീതികളും കാലയളവും എല്ലാം ഒന്നുതന്നെയാണെന്ന് മീഡിയാപാര്‍ട്ട് റിപോര്‍ട്ട് ചെയ്യുന്നു. ഉന്നമിടുന്ന വ്യക്തികളുടെ സ്മാര്‍ട്‌ഫോണുകളിലേക്ക് രഹസ്യമായി കയറ്റി വിടുന്ന പെഗസസ് മാല്‍വെയര്‍ ഫോണിലെ കോളുകളും കോണ്‍ടാക്ടുകളും മെസേജുകളുമെല്ലാം ഇതു നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കുന്നുവെന്നാണ് ആംനസ്റ്റി ലാബിന്റെ കണ്ടെത്തല്‍.
ആംനസ്റ്റിയുടെ ലാബ് കണ്ടെത്തിയ പെഗസസ് ചാരവൃത്തി ലോകത്തൊട്ടാകെ പ്രസിദ്ധീകരിച്ച 17 മാധ്യമങ്ങളില്‍ മീഡിയാപാര്‍ട്ടും ഉള്‍പ്പെടും. ഇന്ത്യ-ഫ്രാന്‍സ് റഫാല്‍ യുദ്ധവിമാന കരാറിലെ അഴിമതിയിലേക്ക് വെളിച്ചം വീശുന്ന അന്വേഷണാത്മക റിപോര്‍ട്ടുകള്‍ പുറത്തു കൊണ്ടു വന്നത് മീഡിയാപാര്‍ട്ടാണ്. ഈ റിപോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.