Sorry, you need to enable JavaScript to visit this website.

രാത്രി വളരെ വൈകി പെൺകുട്ടികൾ എന്തിന് ബീച്ചിൽ പോയി?  മാതാപിതാക്കളെ കുറ്റപ്പെടുത്തി ഗോവ മുഖ്യമന്ത്രി

പനാജി- ഗോവയിലെ ബെനോലിം ബീച്ചിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ. രാത്രി വളരെ വൈകി പെൺകുട്ടികൾ എന്തിന് ബീച്ചിൽ പോയെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ അന്വേഷിക്കേണ്ടിയിരുന്നു എന്ന മുഖ്യമന്ത്രിയുടെ സഭയിലെ പരാമർശമാണ് വിവാദമായത്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകവെയാണ് വിവാദ പരാമർശമുണ്ടായത്.
'14 വയസ്സുള്ള പെൺകുട്ടി രാത്രി മുഴുവൻ ബീച്ചിൽ നിൽക്കുമ്പോൾ അതെന്തിനാണെന്ന് മാതാപിതാക്കൾ അന്വേഷിക്കണം. കുട്ടികൾ അനുസരിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാറിനോ പൊലീസിനോ ഏറ്റെടുക്കാനാകില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അർധരാത്രി കുട്ടികളെ പുറത്തേക്കിറക്കരുത്. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ'മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ അൽട്ടോനെ ഡി കോസ്റ്റ കുറ്റപ്പെടുത്തി. രാത്രി പുറത്തിറങ്ങാൻ എന്തിന് ഭയക്കണം. നിയമം എല്ലാവര്ക്കും പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗോവ എം.എൽ.എ. വിജയ് സർദേശായിയും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് പെണ്കുട്ടികളോടും അവരുടെ മാതാപിതാക്കളോടും മാപ്പ് പറയണം എന്ന ആവശ്യവുമായാണ് സർദേശായി രംഗത്തെത്തിയത്. മുഖ്യമന്ത്രി നടത്തിയത് കർത്തവ്യനിഷ്ഠയില്ലാത്ത ഒരു ആരോപണം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എന്ന നിലയിൽ പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും ധൈര്യവും ആത്മവിശ്വാസവും പകരുകയാണ് വേണ്ടത് അല്ലാതെ വിവാദ പരാമർശം നടത്തുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ചയാണ് ബെനോലിം ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനെത്തിയ രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായത്. കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കളെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികൾ ഇവരെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരു സർക്കാറുദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിലായി.

Latest News