പട്‌ന- ഇന്ത്യയിലെ ഏറ്റവും പിന്നാക്കമായ സംസ്ഥാനം ബിഹാര്‍ ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പരഞ്ഞത് ബിഹാറിലെ ബിജെപി-ജെഡിയു സര്‍ക്കാരിനെ കൊട്ടാന്‍ പ്രതിപക്ഷത്തിനു കിട്ടിയ അവസരമായി. ബിഹാറിലെ പ്രതിപക്ഷമായ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ ഒളിയമ്പായി ഇതു പ്രയോഗിച്ചു. ഒരു ഇരട്ട എഞ്ചിനുള്ള സര്‍ക്കാരായിട്ടു പോലും എല്ലാ മേഖലയിലും ബിഹാര്‍ പിന്നോട്ട് പോകുന്നത് എന്തു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ചോദിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് നിതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും പിന്നിലായ സംസ്ഥാനം ബിഹാര്‍ ആണ്. എന്തുകൊണ്ട് ബിഹാര്‍ പിന്നാക്കോ പോയി എന്ന ജെഡിയു എംപി രാജീവ് രഞ്ജന്റെ ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്ര മന്ത്രി റാവു ഇന്ദ്രജിത്ത് സിങ് മറുപടി നല്‍കിയത്. ദാരിദ്ര്യം, ഏറ്റവും മോശം സാക്ഷരതാ നിരക്ക് പോലുള്ള ഘടകങ്ങളാണ് ബിഹാറിന്റെ പിന്നാക്കവസ്ഥയ്ക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഇന്റര്‍നെറ്റ്, മൊബൈല്‍ ഉപയോഗവും ഏറ്റവും കുറവ് ബിഹാറിലാണ്. ദീർഘകാല ആവശ്യമായ ബിഹാറിന് പ്രത്യേക പദവി അനുവദിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടോ എന്നും ബിജെപി സഖ്യകക്ഷിയായ ജെഡിയു എംപി ചോദിച്ചു.
നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ളത് കേരളമാണ്. തമിഴ്‌നാടും ഹിമാചല്‍ പ്രദേശും രണ്ടാം സ്ഥാനം പങ്കിടുന്നു. മൂന്നാം സ്ഥാനത്ത് ആന്ധ്ര പ്രദേശ്, ഗോവ, കര്‍ണാടക, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ്. സിക്കിം നാലാം സ്ഥാനത്തും മഹാരാഷ്ട്ര അഞ്ചാം സ്ഥാനത്തുമുണ്ട്. അസം, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിറകില്‍.