Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

കുറഞ്ഞ ചെലവിൽ ഉപരിപഠനം

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ പഞ്ചവർഷ ഇന്റഗ്രേറ്റഡ് കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

മികവുറ്റ  പഠനാവസരത്തിനായി മലയാളികളടക്കം ആശ്രയിക്കുന്ന  പോണ്ടിച്ചേരി സർവകലാശാല വൈവിധ്യമാർന്ന വിഷയങ്ങളിൽ നൽകുന്ന ഉപരിപഠന സൗകര്യം ശ്രദ്ധേയമാണ്. എൻ.ഐ.ആർ.എഫ് റാങ്കിങ് അനുസരിച്ച് കേന്ദ്ര സർവകലാശാലകൾക്കിടയിൽ ഒമ്പതാം  സ്ഥാനമുള്ള ഈ സ്ഥാപനം  പഠന പാഠ്യേതര മേഖലകളിൽ മികവ് പുലർത്തി രാജ്യത്തെ കിടയറ്റ സ്ഥാപനങ്ങളുടെ ഗണത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ്.  പുതുച്ചേരി പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പോണ്ടിച്ചേരി സർവകലാശാലയുടെ പ്രധാന കേന്ദ്രത്തിന് പുറമെ  കാരയ്ക്കൽ, പോർട്ബ്‌ളെയർ എന്നിവിടങ്ങളിൽ സാറ്റലൈറ്റ് കാമ്പസുകളും  ഉണ്ട്.  സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്‌കൂളുകളുടെ ഭാഗമായി നടത്തുന്ന താഴേക്കൊടുത്ത പഞ്ചവർഷ ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലേക്ക്  +2 പൂർത്തിയാക്കിയവർക്കും ഫലം കാത്തിരിക്കുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാം.
1) എം.എസ്‌സി അപ്ലൈഡ് ജിയോളജി    
2 ) എം.എസ്‌സി കെമിസ്ട്രി
3) എം.എസ്‌സി ഫിസിക്‌സ്
4) എം.എസ്‌സി മാത്തമാറ്റിക്‌സ്
5) എം.എസ്‌സി കംപ്യൂട്ടർ സയൻസ്
6) എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്
7) എം.എ ഹിസ്റ്ററി
8) എം.എ പൊളിറ്റിക്കൽ സയൻസ്
9) എം.എ സോഷ്യോളജി
10) എം.എ സോഷ്യൽ ആൻഡ് ഇക്കണോമിക് അഡ്മിനിസ്‌ട്രേഷൻ ആന്റ് ലോ

കൂടാതെ ബിരുദാന്തര ബിരുദം, പി.ജി ഡിപ്ലോമ, പിഎച്ച്.ഡി  കോഴ്‌സുകളും ഉണ്ട്. ഓരോ കോഴ്‌സുകളുടെയും പ്രവേശനത്തിന് വേണ്ട യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്‌സൈറ്റിലുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓൺലൈൻ അടിസ്ഥാനത്തിലുള്ള പരീക്ഷാ രീതികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മോക്ക്‌ടെസ്റ്റ് ട്രയൽ നടത്താനുള്ള സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാണ്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, മാഹി/തലശ്ശേരി,  മംഗളൂരു എന്നിവ അടക്കം 42 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. മിക്ക കോഴ്‌സുകളും കുറഞ്ഞ ചെലവിൽ പഠിക്കാമെന്ന സവിശേഷതയുണ്ട്. കൂടാതെ അക്കാദമിക മികവ് പുലർത്തുന്നവർക്ക് മറ്റു മാനദണ്ഡങ്ങൾക്കനുസൃതമായി  യൂനിവേഴ്‌സിറ്റിയുടെയും  മറ്റു സർക്കാർ/സർക്കാരിതര ഏജൻസികളുടെയും  സ്‌കോളർഷിപ്പുകൾ നേടാൻ അവസരവുമുണ്ട്. കോഴ്‌സുകളിലെ പ്രവേശനത്തിനായി ഓഗസ്റ്റ് 14 നകം  https://www.pondiuni.edu.in/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

****

ഡിസൈൻ പഠനത്തിന് ഐ.എഫ്.ടി.കെ 

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷന്റെ കീഴിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള (ഐ.എഫ്.ടി.കെ)  നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി സഹകരിച്ച് നടത്തുന്ന നാല് വർഷ ബാച്ചിലർ ഓഫ്  ഡിസൈൻ (ബി.ഡിസ്)  പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് സ്ഥിതി ചെയ്യുന്ന ഐ.എഫ്.ടി.കെ കമ്പസിൽ വെച്ച് നടത്തപ്പെടുന്ന ഈ കോഴ്‌സിന് കേരള  യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷനുണ്ട്. മൊത്തം 60 സീറ്റുകളാണുള്ളത്.
50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. സ്ഥാപനം നടത്തുന്ന ജനറൽ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് എന്നിവ ഉണ്ടാകും. ജനറൽ എബിലിറ്റി ടെസ്റ്റിൽ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, ആശയവിനിമയ ശേഷി, അനലറ്റിക്കൽ എബിലിറ്റി, പൊതു വിജ്ഞാനം, ആനുകാലികം എന്നീ വിഷയങ്ങളിലും ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റിൽ നൈപുണ്യം, നിരീക്ഷണ പാടവം, പുതുമ സൃഷ്ടിക്കാനുള്ള കഴിവ്, രൂപകൽപനയിലെ വൈദഗ്ധ്യം, വർണങ്ങളും ചിത്രീകരണങ്ങളും ഉപയോഗിക്കുന്നതിലെ സാമർഥ്യം എന്നിവ പരിശോധിക്കപ്പെടും. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ വെബ്‌സൈറ്റിലുണ്ട്.


രണ്ടാം ഘട്ടത്തിൽ നടക്കുന്ന അഭിമുഖത്തിൽ കരിയർ ഓറിയന്റേഷൻ, ഈ മേഖല തെരഞ്ഞെടുക്കുന്നതിനുള്ള അനുയോജ്യത, പാഠ്യ പാഠ്യേതര മേഖലകളിലെ വ്യക്തിഗത നേട്ടങ്ങൾ, ആശയവിനിമയ വൈഭവം, പൊതു വിജ്ഞാനം, അഭിരുചി എന്നിവ അടിസ്ഥാനമാക്കി വിലയിരുത്തലുകൾ നടത്തും. ഒരു സെമസ്റ്ററിന് 48,000  രൂപയോളം പഠനച്ചെലവ് വരും. മറ്റു ചെലവുകൾ പുറമെ. https://www.iftk.ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ ഓഗസ്റ്റ് 10 വരെ സമർപ്പിക്കാം.

***

പ്ലസ് ടുവിന് ശേഷം ഫാർമസി കോഴ്‌സ് 

ഞാൻ പ്ലസ് ടു കൊമേഴ്‌സ് കഴിഞ്ഞിട്ടുണ്ട്. എനിക്ക് ഫാർമസി പോലെയുള്ള കോഴ്‌സുകൾ എടുക്കാൻ പറ്റുമോ? -സിദ്ദീഖ് സാബിഖ് 

ഫാർമസി മേഖലയിലുള്ള പ്രധാന കോഴ്‌സുകളായ ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം), ബാച്ചിലർ ഇൻ ഫാർമസി (ബി.ഫാം), ഡോക്ടർ ഓഫ് ഫാർമസി (ഫാം.ഡി)  എന്നീ കോഴ്‌സുകളിലെ പ്രവേശനത്തിന് കൊമേഴ്‌സ് വിഷയത്തിൽ +2 കഴിഞ്ഞവർക്ക് അപേക്ഷിക്കാനാവില്ല. എന്നാൽ പത്താം ക്ലാസ്  യോഗ്യതയായി  നിശ്ചയിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസിക്ക് (ഹോമയോപ്പതി) താങ്കൾക്ക് പ്രവേശനം നേടാവുന്നതാണ്. തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമയോപ്പതി കോളേജുകളിലാണ് ഈ കോഴ്‌സ് നടത്തുന്നത്.  എൽ.ബി.എസ്  സെന്റർ  ആണ് പ്രവേശനം നടത്താറുള്ളത്.  ഈ കോഴ്‌സ് കഴിഞ്ഞവർക്ക് പി.എസ്.സി വഴി സർക്കാർ സർവീസിൽ ജോലി നേടാനടക്കം അവസരങ്ങളുണ്ട്. പത്ത് കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന ആയുർവേദ നഴ്‌സിംഗ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, വൊക്കേഷനൽ ഹയർ സെക്കണ്ടറി വകുപ്പു പ്ലസ് ടു തലത്തിൽ നടത്തുന്ന ചില പാരാമെഡിക്കൽ കോഴ്‌സുകൾ എന്നിവ പരിഗണിക്കാം.   കേരള സർക്കാരിന്റെ, ആരോഗ്യ വകുപ്പിനു കീഴിലുള്ള, നാലു പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളുകളിൽ നടത്തുന്ന രണ്ടു വർഷത്തെ ഓക്‌സിലിയറി നഴ്‌സിംഗ് & മിഡ് വൈവ്‌സ് (എ.എൻ.എം) കോഴ്‌സിന് പ്ലസ് ടു കൊമേഴ്‌സ് കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്നതാണ്. മൂന്ന് വർഷത്തെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി (ജി.എൻ.എം) കോഴ്‌സിന് സയൻസ് പഠിച്ചവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങൾ പഠിച്ചവരെയും പരിഗണിക്കാറുണ്ട്. താങ്കളുടെ അഭിരുചിയും മറ്റു ഘടകങ്ങളും പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുക.


*****

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കരിയർ സംബന്ധമായ സംശയങ്ങൾ [email protected]  എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. പ്രസക്തമായ സംശയങ്ങൾക്ക് കരിയർ വിദഗ്ധൻ  പി.ടി. ഫിറോസ് ഈ പംക്തിയിലൂടെ മറുപടി നൽകുന്നതാണ്.

Latest News