വയനാട് ഈട്ടിക്കൊള്ള: റോജിയും സഹോദരന്മാരും റിമാന്‍ഡില്‍, പോലീസ് പാടില്ലെന്ന പ്രതികളുടെ ആവശ്യം തള്ളി

മരംമുറിക്കേസില്‍ ഹാജരാക്കുന്നതിനു പോലീസ് ബത്തേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച റോജി അഗസ്റ്റിനും സഹോദരന്‍മാരും.

കല്‍പറ്റ-വയനാട്ടില്‍ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍ നടന്ന മരംകൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ബുധനാഴ്ച ഉച്ചയോടെ കുറ്റിപ്പുറത്തു അറസ്റ്റിലായ നാലു പ്രതികളെ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.

വാഴവറ്റ മൂങ്ങനാനിക്കല്‍ റോജി അഗസ്റ്റിന്‍, സഹോദരന്‍മാരായ ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ഇവരുടെ ഡ്രൈവര്‍ വിനീഷ് വാഴവറ്റ എന്നിവരെയാണ് റിമാന്‍ഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലേക്കു അയച്ചത്. ബുധനാഴ്ച മരിച്ച മാതാവ് ഇത്താമ്മയുടെ  സംസ്‌കാരച്ചടങ്ങില്‍ പോലീസ് സാന്നിധ്യമില്ലാതെ പങ്കെടുക്കുന്നതിനു ഒരു മണിക്കൂര്‍ സമയം അനുവദിക്കണമെന്ന റോജിയുടെയും സഹോദരന്‍മാരുടെയും അപേക്ഷ കോടതി നിരാകരിച്ചു. പ്രതികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാട്  പോലീസും സ്വീകരിച്ചു. ഈ സാഹചര്യത്തില്‍ രാവിലെ 11നു നടത്താന്‍ നിശ്ചയിച്ച മൃതസംസ്‌കാര ശുശ്രൂഷ മാറ്റിവച്ചു. ഇത്താമ്മയുടെ മൃതദേഹം വാഴവറ്റയിലെ വീട്ടില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കയാണ്.


റിമാന്‍ഡിലായ പ്രതികള്‍ കോടതിക്കു പുറത്തു പോലീസിനോടു കയര്‍ത്തു. അമ്മയുടെ മൃതസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു  ആവശ്യപ്പെട്ട ഒരു മണിക്കൂര്‍ സാവകാശം അനുവദിക്കാതിരുന്നതു അനീതിയാണെന്നു പ്രതികള്‍ പോലീസ് വാഹനത്തിലിരുന്നു മാധ്യമപ്രവര്‍ത്തകരോടു ഉച്ചത്തില്‍ പറഞ്ഞു. പോലീസ് കൊലപ്പെടുത്തുമെന്നു ഭയവും പ്രതികളില്‍ ഒരാള്‍ വെളിപ്പെടുത്തി.


മരംമുറിക്കേസില്‍ ഒരു മാസത്തോളം ഒളിവിലായിരുന്നു റോജിയും സഹോദരന്‍മാരും. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിരാകരിച്ചിരുന്നു. ബുധനാഴ്ച രാവിലെ  മാതാവിന്റെ മരണവിവരം അറിഞ്ഞ പ്രതികള്‍ അറസ്റ്റ് താത്കാലികമായി തടയുന്നതിനു കോടതിയില്‍ ഹരജി സമര്‍പ്പിച്ചശേഷം എറണാകുളത്തുനിന്നു വയനാട്ടിലേക്കു വരുന്നതിനിടെയാണ് ഉച്ചയോടെ കുറ്റിപ്പുറത്തു കസ്റ്റഡിയിലായത്. അറസ്റ്റ് തടയുന്നതിനുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലായ വിവരം കോടതിയെ സര്‍ക്കാര്‍ അറിയിച്ചത്. മാതാവിന്റെ മൃതസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനു പ്രതികള്‍ക്കു സൗകര്യം ഒരുക്കണമെന്നു കോടതി നിര്‍ദേശിക്കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു.


കുറ്റിപ്പുറത്തുനിന്നു തിരൂര്‍ ഡിവൈ.എസ്.പിയും സംഘവും കസ്റ്റഡിയിലെടുത്തുത്തതിനു പിന്നാലെ  അറസ്റ്റു രേഖപ്പെടുത്തി ആലുവ പോലീസ് ക്ലബില്‍ ചോദ്യംചെയ്ത പ്രതികളെ രാവിലെയാണ് ബത്തേരി ഡിവൈ.എസ്.പി ഓഫീസില്‍ എത്തിച്ചത്. മരം കൊള്ളയുമായി ബന്ധപ്പെട്ടു റവന്യൂ അധികാരികളുടെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബത്തേരി ഡിവൈ.എസ്.പി വി.വി.ബെന്നിക്കാണ് അന്വേഷണച്ചുമതല. വൈദ്യ പരിശോധനയ്ക്കുശേഷം രാവിലെ പത്തോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
റവന്യൂ പട്ടയഭൂമികളിലെ സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ കൈവശക്കാരനു മുറിക്കാമെന്ന 2020 ഒക്ടോബര്‍ 24ലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ വീട്ടിക്കൊള്ള നടന്നത്. മുറിച്ചതില്‍ കുറെ മരങ്ങള്‍ റോജി അഗസ്റ്റിനും മറ്റും പട്ടയം ഉടമകളായ കര്‍ഷകരോടും ആദിവാസികളോടും വിലയ്ക്കു വാങ്ങിയതാണ്. സര്‍ക്കാരിനു ഉടമാവകാശമുള്ള റിസര്‍വ് മരങ്ങള്‍ മോഷ്ടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് റോജി അഗസ്റ്റിനും സഹോദരന്‍മാര്‍ക്കുമെതിരെ കേസ്. മരങ്ങള്‍ വിറ്റ ആദിവാസികളും കര്‍ഷകരും കേസില്‍ പ്രതികളാണ്. മരംകൊള്ളയുമായി ബന്ധപ്പെട്ടു മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.കെ.സമീര്‍ രജിസ്റ്റര്‍ ചെയ്ത 43 കേസുകളില്‍ 36 എണ്ണത്തില്‍ റോജി അഗസ്റ്റിനും സഹോദരന്‍മാരും പ്രതികളാണ്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തു എട്ടു ജില്ലകളില്‍ നടന്ന മരം കൊള്ള സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥ സംഘം അന്വേഷിച്ചുവരികയാണ്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. പ്രത്യേക സംഘം വയനാട്ടില്‍ നേരത്തേ തെളിവെടുപ്പു നടത്തിയിരുന്നു.


 

Latest News