ജിദ്ദ-സൗദിയിലെ കോവിഡ് വിശദാംശങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ തവക്കൽനായിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിനിടെ ബ്ലോക്കായവരുടെ പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷ. ഞായറാഴ്ചയോടെ പ്രശ്‌നം പൂർണമായും പരിഹരിക്കാനാകുമെന്ന് ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അധികൃതർ അനൗദ്യോഗികമായി അറിയിച്ചതായി സൗദിയിലെ സന്നദ്ധ പ്രവർത്തകർ അറിയിച്ചു. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ളവർ സമാന പ്രതിസന്ധി നേരിടുന്നത്. പ്രശ്‌നം പൂർണമായും പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് നേരത്തെ തന്നെ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. തവക്കൽന ബ്ലോക്കായവരുടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഹെൽപ് ഡെസ്‌കിന് കെ.എം.സി.സി തുടക്കം കുറിച്ചു. റിയാദ് കേന്ദ്രീകരിച്ചാണ് കെ.എം.സി.സി ഹെൽപ് ഡെസ്‌ക് തുടങ്ങിയത്.
തവക്കൽനയിൽ മൂന്ന് തവണ അപ്‌ഡേഷൻ നടത്തിയവർക്കാണ് പിന്നീട് വാക്‌സിൻ സർട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാനാകാതെ വന്നത്. ഇവരോട് 937 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാനായിരുന്നു പിന്നീട് വന്ന സന്ദേശം. ഇത് അനുസരിച്ച് നിരവധി പേർ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. മെയിൽ വഴി ബന്ധപ്പെട്ട ഭൂരിഭാഗം പേർക്കും മറുപടിയും എത്തിയില്ല. റിയാദിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഓഫീസിലേക്ക് നേരിട്ട് എത്തിയ ചിലരുടെ സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചെങ്കിലും ആ സംവിധാനവും അധികം വൈകാതെ അവസാനിച്ചു. ഇതോടെയാണ് പ്രവാസികൾ പ്രതിസന്ധിയിലായത്.