Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ നിര സജീവമാകുന്നു; നേതൃത്വം വഹിച്ച് മമത

ന്യൂദൽഹി- ഏറെ കാലങ്ങൾക്ക് ശേഷം ദേശീയ രാഷ്ട്രീയം ബി.ജെ.പിക്കെതിരായ കൂട്ടുക്കെട്ടിൽ സജീവമാകുന്നതിന്റെ കാഴ്ചകൾക്കാണ് ദൽഹി സാക്ഷ്യം വഹിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ദൽഹിയിലെത്തി സോണിയ ഗാന്ധിയുമായി ചർച്ച നടത്തുകയും കൂടിക്കാഴ്ച വിജയകരമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ് ഇതിൽ പ്രധാനം. ഇതിന് പുറമെ, സി.പി.എം, സി.പി.ഐ അടക്കമുള്ള പ്രതിപക്ഷ കക്ഷികളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. അഞ്ചു ദിവസം ദൽഹിയിൽ തുടരുന്ന മമത ബാനർജി തന്നെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതൃനിരക്ക് ചുക്കാൻ പിടിക്കുന്നത്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച വളരെ പോസിറ്റീവായിരുന്നു എന്നാണ് മമത പ്രതികരിച്ചത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും സോണിയയുമായി 45 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയ്ക്കു ശേഷം മമത പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ആനന്ദ് ശർമ എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്നലെ ദൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് മമത ഉന്നയിച്ചത്. അടിയന്തരാവസ്ഥയെക്കാൾ ഗുരുതര സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് മമത വ്യക്തമാക്കി. പെഗാസസ് ഉപയോഗിച്ച് ഫോണുകൾ ചോർത്തിയത് അങ്ങേയറ്റം ഗൗരവമേറിയ വിഷയമാണ്. തന്റെ ഫോണും ഹാക്ക് ചെയ്തിരുന്നു. മരുമകൻ അഭിഭേഷക് ബാനർജിയുടെയും പ്രശാന്ത് കിഷോറിന്റെയും ഫോണുകൾ ഹാക്ക് ചെയ്തിരുന്നു. ഇവരുമായുള്ള തന്റെ ഫോൺ സംഭാഷണങ്ങളും ചോർത്തിയിരുന്നു എന്നാണ് മമത പറഞ്ഞത്. 
പെഗാസസ് വിഷയത്തിൽ സർക്കാരിനെതിരെയുള്ള പ്രതിപക്ഷ നീക്കത്തിൽ തൃണമൂൽ കോൺഗ്രസും ഒപ്പമുണ്ടാകും എന്ന് മമത വ്യക്തമാക്കി. എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് യോഗം ചേർന്ന് കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും മമത പറഞ്ഞു. 
ആരായിരിക്കും ദേശീയ തലത്തിൽ പ്രതിപക്ഷത്തെ നയിക്കുക എന്ന ചോദ്യത്തിന് താനൊരു ജ്യോതിഷി അല്ലെന്നായിരുന്നു മമതയുടെ മറുപടി. ആരെങ്കിലും ഒരാൾ നയിക്കുന്നതിനായി ഉയർന്നു വരും. ആരു തന്നെയായാലും അവരെ പിന്തുണയ്ക്കുമെന്നും മമത വ്യക്തമാക്കി. താനൊരു സാധാരണ പ്രവർത്തക മാത്രമാണ് അങ്ങനെ തന്നെ തുടരാനാണ് താത്പര്യമെന്നും മമത കൂട്ടിച്ചേർത്തു. പാർലമെന്റ് സമ്മേളനത്തിന് ശേഷം പ്രതിപക്ഷ കക്ഷികൾ കൂടിയാലോചിച്ചു തീരുമാനങ്ങൾ എടുക്കും. കൂട്ടായ പ്രവർത്തനത്തിന് ഒരു പൊതുവേദി ഉണ്ടാകുക തന്നെ ചെയ്യും. കഴിഞ്ഞ ദിവസം ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി സംസാരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തുന്നുണ്ടെന്നും മമത പറഞ്ഞു.
 

Latest News