Sorry, you need to enable JavaScript to visit this website.

കോട്ടയം വീണ്ടും കോവിഡ് ഭീതിയിൽ; കുമരകത്തും കുറിച്ചിയിലും അതിവ്യാപനം

വാക്‌സിൻ വിതരണവും മുടങ്ങി  
കോട്ടയം- കോട്ടയം വീണ്ടും കോവിഡ് ഭീതിയിൽ. ജില്ലയിലെ 41 പഞ്ചായത്തുകളിൽ രോഗവ്യാപന തോത് പത്തു ശതമാനത്തിനു മുകളിലായി. പതിനഞ്ചു തദ്ദേശ സ്ഥാപന പ്രദേശത്ത് കടുത്ത രോഗവ്യാപനം. 15 ശതമാനത്തിനും മുകളിലാണ് ഇവിടെ ടെസ്്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറിച്ചിയിലാണ് ഏറ്റവും അധികം രോഗവ്യാപനം. 24.31 ശതമാനം. അതിനിടെ ജില്ലയിൽ വാക്‌സിൻ വിതരണം മുടങ്ങുകയും ചെയ്തു. 
മറവന്തുരത്ത്, പാറത്തോട്് പഞ്ചായത്തുകളിലും രോഗവ്യാപനം 20 ശതമാനത്തിലധികമാണ്. അയ്മനം(15.15), കുറവിലങ്ങാട്(15.88), കാണക്കാരി(16.18), മാഞ്ഞൂർ (16.92), ഉദയനാപുരം(17.03), കുമരകം (17.23), കറുകച്ചാൽ (19.02), പുതുപ്പള്ളി (19.69), പാറത്തോട് (20.14), മറവന്തുരുത്ത് (21.21), കുറിച്ചി (24.31). ജില്ലയിൽ 1067 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1061 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 10,687 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.98 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 487 പുരുഷൻമാരും 443 സ്ത്രീകളും 137 കുട്ടികളും ഉൾപ്പെടുന്നു.
60 വയസിനു മുകളിലുള്ള 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 821 പേർ രോഗമുക്തരായി. 6743  പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,17,916 പേർ കോവിഡ് ബാധിതരായി. 2,09,126 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33,883 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം-98, പാറത്തോട്-56, പനച്ചിക്കാട്-55. അതിനിടെ ജില്ലയിൽ വാക്‌സിൻ വിതരണം മുടങ്ങി. ജില്ലയിൽ ആകെ 11,87,536 പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ഇതിൽ രണ്ടു ഡോസും എടുത്തത് 3,75,520 പേർ മാത്രമാണ്. 8,12,016 പേർ ആദ്യ ഡോസ് മാത്രം എടുത്തവരാണ്. 
18 വയസിനു മേൽ പ്രായമുള്ളവരിൽ 25.95 ശതമാനം പേർ രണ്ടു ഡോസും എടുത്തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 56.11 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും നൽകി. ജൂലായ് 24-നാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത്. 
54,000 പേർക്കാണ് അന്ന് വാക്‌സിൻ നൽകിയത്. ജില്ലയിൽ വാക്‌സിൻ വിതരണം മന്ദഗതിയിലാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഒന്നാം ഡോസെടുക്കാൻ ബുക്കു ചെയ്യുന്നവർക്ക് സ്ലോട്ട് കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്. വാക്‌സിനേഷന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഒൻപതാം സ്ഥാനത്താണ് കോട്ടയം ജില്ല. ആവശ്യത്തിന് വാക്‌സിൻ ലഭ്യമാകാത്തതാണ് പ്രശ്‌നമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
 

Latest News