ബാങ്ക് പൊളിഞ്ഞാല്‍ 5 ലക്ഷം വരെയുള്ള നിക്ഷേപം 90 ദിവസത്തിനകം തിരികെ ലഭിക്കും

ന്യുദല്‍ഹി- ഒരു ബാങ്ക് തകര്‍ന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം 90 ദിവസത്തിനകം തിരികെ നല്‍കുന്നത് ഉറപ്പാക്കുന്ന ബില്ല് കേ്ന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡെപോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പറേഷന്‍ (ഡിഐസിജിസി) ബില്ല് 2021 ഭേദഗതിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. എല്ലാ ബാങ്ക് നിക്ഷേപകങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന ഈ ബില്ല് പരിധിയില്‍ എല്ലാ വാണിജ്യ ബാങ്കുകളും ഉള്‍പ്പെടുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ശാഖകളുള്ള വിദേശ ബാങ്കുകളും ഈ ബില്ല് പരിധിയില്‍ വരും. 

ഡിഐസിജിസി പ്രകാരം ഓരോ നിക്ഷേപകന്റേയും അഞ്ചു ലക്ഷം രൂപ വരെ പലിശയടക്കമുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. നേരത്തെ ഒരു ലക്ഷം രൂപ വരെ മാത്രമാണ് പരിരക്ഷ ലഭിച്ചിരുന്നത്. ഇത് ഭേദഗതി ചെയ്ത് അഞ്ചു ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തി. ഈ ഭേദഗതി നേരത്തെ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചതായിരുന്നു.

സാധരണഗതിയില്‍ ഇന്‍ഷുറന്‍സ് പ്രകാരം പണം തിരികെ ലഭിക്കാന്‍ എട്ട് പത്ത് വര്‍ഷമെടുക്കും. എന്നാല്‍ ഇപ്പോള്‍ മൊറട്ടോറിയം ഉണ്ടെങ്കില്‍ പോലും 90 ദിവസത്തിനകം ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിക്ഷേപകര്‍ക്ക് പണം ലഭ്യമാക്കും- മന്ത്രി പറഞ്ഞു.
 

Latest News