Sorry, you need to enable JavaScript to visit this website.

വാക്‌സിൻ ക്ഷാമത്തിന് താൽക്കാലികാശ്വാസം; കേരളത്തിൽ 9.72 ലക്ഷം ഡോസ് വാക്‌സിൻ ലഭിച്ചു

തിരുവനന്തപുരം- കേരളത്തിന്  9,72,590 ഡോസ് വാക്‌സിൻ കൂടി ലഭിച്ചു. 8,97,870 ഡോസ് കോവിഷീൽഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീൽഡ് വാക്‌സിൻ സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീൽഡ് വാക്‌സിനും കോഴിക്കോട് 77,220 ഡോസ് കോവീഷിൽഡ് വാക്‌സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീൽഡ് വാക്‌സിൻ രാത്രിയോടെ എത്തുന്നതാണ്. ഇന്ന് വൈകിയാണ് വാക്‌സിൻ ലഭിച്ചത്. ലഭ്യമായ വാക്‌സിൻ എത്രയും വേഗം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
സംസ്ഥാനത്ത് ഇപ്പോൾ ലഭിച്ച വാക്‌സിൻ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ആവശ്യമുണ്ട്. വാക്‌സിൻ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്‌സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ നടത്തിയ ചർച്ചയിൽ കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയിരുന്നു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 57,16,248 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേർക്ക് ഒന്നാം ഡോസും 16.28 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
 

Latest News