Sorry, you need to enable JavaScript to visit this website.

വിദേശത്തുനിന്നെത്തിയ 28 പേരടക്കം മലപ്പുറത്ത് 3831 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം-ജില്ലയില്‍  ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കടക്കം 3,831 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍  കെ. സക്കീന അറിയിച്ചു. 12.26 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇതു 13.97 ശതമാനമായിരുന്നു.
ബുധനാഴ്ച രോഗബാധിതരില്‍ 3,679 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 84 പേര്‍ക്കു ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്തു നിന്നു ജില്ലയിലെത്തിയ 28 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 39 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,501 പേരാണ്  കോവിഡ് ബാധിതരായി ജില്ലയില്‍ ഇതുവരെ മരിച്ചത്. 2,557 പേരാണ് ബുധനാഴ്ച ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയവരുടെ എണ്ണം 3,69,778 ആയി. 63,057 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 22,886 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 669 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 411 പേരും 158 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 472 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

 

 

Latest News