Sorry, you need to enable JavaScript to visit this website.

പിന്തുടര്‍ന്ന് ലേഡീസ് ടോയ്‌ലെറ്റിലും കയറി; യുവതിയെ ശല്യം ചെയ്ത പ്രതി പിടിയില്‍

അബഹ - നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ് മാളില്‍ വെച്ച് യുവതിയെ ഉപദ്രവിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി അസീര്‍ പോലീസ് വക്താവ് ലെഫ്. കേണല്‍ സൈദ് അല്‍ദബാശ് അറിയിച്ചു. മുപ്പതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അസീര്‍ പോലീസ് വക്താവ് പറഞ്ഞു.
ഷോപ്പിംഗ് മാളില്‍ വെച്ച് സൗദി യുവതിയെ പ്രതി ശല്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവതി തന്നെയാണ് വീഡിയോ ചിത്രീകരിച്ച് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഷോപ്പിംഗ് മാളില്‍ വെച്ച് യുവതിയെ വിടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവ് അവസാനം മാളിലെ ലേഡീസ് ടോയ്‌ലെറ്റിലും യുവതിക്കൊപ്പം പ്രവേശിക്കുകയായിരുന്നു. സംഭവത്തില്‍ യുവതി സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട് ഗാര്‍ഹിക പീഡന പരാതി കേന്ദ്രവും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.
റിയാദില്‍ നിന്ന് കുടുംബ സമേതം ഉല്ലാസ യാത്രയായാണ് തങ്ങള്‍ അബഹയിലെത്തിയതെന്ന് യുവതി പറഞ്ഞു. അബഹയിലെ ഷോപ്പിംഗ് മാളില്‍ ഗെയിം ഏരിയയില്‍ കുടുംബാംഗങ്ങള്‍ സമയം ചെലവഴിക്കുന്നതിനിടെ ടോയ്‌ലെറ്റില്‍ പോകാന്‍ വേണ്ടി താന്‍ മറ്റൊരു നിലയിലേക്ക് കയറുകയായിരുന്നു. ഈ സമയത്താണ് യുവാവ് സമീപിച്ച് തന്റെ സ്‌നാപ് ചാറ്റ് അക്കൗണ്ട് ആവശ്യപ്പെട്ടത്. ഇത് താന്‍ നിരസിച്ചെങ്കിലും യുവാവ് പലതവണ ആവശ്യം ആവര്‍ത്തിച്ച് വിടാതെ പിന്തുടര്‍ന്നു. ടോയ്‌ലെറ്റില്‍ പ്രവേശിച്ച തന്നെ പിന്തുടര്‍ന്ന് യുവാവും ലേഡീസ് ടോയ്‌ലെറ്റില്‍ പ്രവേശിച്ചു. ഇവിടെ നിന്ന് യുവാവിനെ താന്‍ ആട്ടിപ്പുറത്താക്കി.
ഭയം കാരണം ടോയ്‌ലെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തനിക്ക് സാധിച്ചില്ല. ടോയ്‌ലെറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും യുവാവ് മുന്നില്‍ തന്നെയുണ്ടായിരുന്നു. സ്‌നാപ് ചാറ്റ് അക്കൗണ്ട് യുവാവ് വീണ്ടും ആവശ്യപ്പെടാന്‍ തുടങ്ങി. ഇത് അവഗണിച്ച് മുന്നോട്ടുനീങ്ങിയ തന്നെ പ്രതി പിന്നില്‍ നിന്ന് പിടിച്ചുതള്ളി. ഇതിനു ശേഷവും ശല്യം ചെയ്യുന്നത് പ്രതി തുടര്‍ന്നു. കുടുംബത്തിനടുത്തേക്ക് മടങ്ങിയ തനിക്ക് ഭയം കാരണം ഷോപ്പിംഗ് മാളില്‍ തുടരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തങ്ങളെല്ലാവരും കൂടി മാളില്‍ നിന്ന് പുറത്തുപോവുകയായിരുന്നെന്നും യുവതി പറഞ്ഞു.

 

Latest News