Sorry, you need to enable JavaScript to visit this website.

മേല്‍ശാന്തിയായി മലയാളി ബ്രാഹ്മണര്‍ മാത്രം, സ്റ്റേ ചെയ്യാതെ ഹൈക്കോടതി

കൊച്ചി- ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കുന്നതിന് മലയാളി ബ്രാഹ്മണരില്‍നിന്നു മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹരജി. ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിശദമായി പരിശോധിക്കേണ്ട കാര്യമാണെന്നും കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തില്‍ ഒന്നും പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയുടെ ഹൈക്കോടതിയുടെ നടപടി.  ധൃതി പിടിച്ച് തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇതെന്ന് അഭിപ്രായപ്പെട്ട കോടതി കേസ് ഓഗസ്റ്റ് 12 ലേക്കു മാറ്റി.

മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട് അടുത്ത മാസം പന്ത്രണ്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റീസുമാരായ സി.ടി രവികുമാര്‍, മുരളീ പുരുഷോത്തമന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു.

ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.വി വിഷ്ണുനാരായണന്‍, ടി.എല്‍ സിജിത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 17ന് അവസാനിച്ചതായും നടപടികള്‍ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ഹരജി കാലഹരണപ്പെടുമെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

 

Latest News