Sorry, you need to enable JavaScript to visit this website.

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു,87.94 ശതമാനം വിജയം

തിരുവനന്തപുരം- കേരള ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 85.13 ശതമാനമായിരുന്നു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ട് ശതമാനത്തിലേറെ വിജയ ശതമാനം വര്‍ധിച്ചു.

വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 80.36 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 76.06 ശതമാനം ആയിരുന്നു.

കോവിഡ് കാലത്ത് ഏറെ വെല്ലുവിളി നേരിട്ടാണ് പരീക്ഷ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. മൂല്യനിര്‍ണയം ഒരു മാസം വൈകി.

ഏറ്റവും കൂടുതല്‍ വിജയശതമാനം എറണാകുളത്താണ്- 91.11 ശതമാനം. കുറവ് പത്തനം തിട്ട- 82.15 ശതമാനം.
48383 കുട്ടികള്‍ എ പ്ലസ് നേടി. മലപ്പുറത്താണ് കൂടുതല്‍ കുട്ടികള്‍ക്ക് എ പ്ലസ്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയതും മലപ്പുറം ജില്ലയിലാണ്.
136 സ്‌കൂളുകള്‍ക്ക് 100 ശതമാനം. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ 11 മാത്രമാണ്. സേ പരീക്ഷ ഓഗസ്റ്റ് 11 മുതല്‍.

വൈകിട്ടു 4 മുതല്‍ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും Saphalam 2021, iExaMS-Kerala, PRD Live മൊബൈല്‍ ആപ്പുകളിലും ഫലം ലഭിക്കും.

ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളില്‍നിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്.

വിജയശതമാനം കൂടുന്നതിന്റെ പേരില്‍ കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള പരിഹാസങ്ങള്‍ ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികളാണെന്ന് ഓര്‍മ വേണം. കോവിഡിനെ അതിജീവിച്ചാണ് ഈ നേട്ടം അവര്‍ നേടിയത്. പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളെ അപമാനിക്കരുതെന്നും ട്രോളുകളിലൂടെ ആക്ഷേപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളും പരീക്ഷ വേണ്ടെന്ന് വെച്ചപ്പോള്‍ നാം വെല്ലുവിളി നേരിട്ട് പരീക്ഷ നടത്തുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മൂല്യനിര്‍ണയം ഏറെ ഉദാരമായിരുന്നു എന്ന ആരോപണത്തിന് കൂടി പരോക്ഷമായി മറുപടി പറയുകയായിരുന്നു മന്ത്രി.

 

 

 

 

 

Latest News