ഇന്ത്യയിലേക്ക് പോയാല്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്ക്, പ്രവാസികള്‍ക്ക് ബാധകമല്ല

റിയാദ്- ഇന്ത്യയടക്കം കോവിഡ് ചുകപ്പ് പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് പോയാല്‍ മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് സൗദികള്‍ക്ക് മാത്രമാണ് ബാധകം. ആഭ്യന്തര മന്ത്രാലയം നല്‍കിയ മുന്നറിയിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ,അര്‍ജന്റീന, അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍, എത്യോപ്യ, ഇന്തോനേഷ്യ, ലെബനോന്‍, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക തുടങ്ങി കോവിഡ് ചുകപ്പ് പട്ടകയിലുള്ള രാജ്യങ്ങളിലേക്ക് പോകുന്നതില്‍നിന്ന് സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം സൗദിയിലുള്ള എല്ലാവര്‍ക്കും ബാധകമാണെന്ന നിലയിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
കൊറോണ വ്യാപനവും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതും തുടരുന്ന പശ്ചാത്തലത്തില്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകുന്ന സ്വദേശികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
 ഔദ്യോഗിക വകുപ്പുകള്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചും മറികടന്നും വിലക്കുള്ള രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റു രാജ്യങ്ങള്‍ വഴിയോ യാത്ര പോകുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരക്കാര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് വിദേശയാത്രാ വിലക്കേര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കൊറോണ വ്യാപനമുള്ള പ്രദേശങ്ങളില്‍ നിന്നും സൗദി പൗരന്മാര്‍ അകന്നുനില്‍ക്കുകയും ജാഗ്രത പാലിക്കുകയും വേണം. ഏതു സ്ഥലത്തേക്ക് പോകുന്നവരും മുഴുവന്‍ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News