മക്ക - ടൂർ ഗൈഡുമാരായി പ്രവർത്തിക്കാൻ സൗദി വനിതകൾക്ക് ഉടൻ ലൈസൻസ് അനുവദിക്കുമെന്ന് മക്ക ടൂറിസം, ദേശീയ പൈതൃക വകുപ്പ് ശാഖ ലൈസൻസ് വിഭാഗം മേധാവി എൻജിനീയർ അബ്ദുൽ അസീസ് അൽവുഹൈബി പറഞ്ഞു. വനിതാ ടൂർ ഗൈഡുമാർക്ക് ലൈസൻസ് അനുവദിക്കുന്നതിന് ആഭ്യന്തര, ഇസ്‌ലാമിക, തൊഴിൽ മന്ത്രാലയങ്ങളുമായും ടൂറിസം ഗൈഡൻസ് അസോസിയേഷനുമായും ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഏകോപനം നടത്തിവരികയാണ്. ടൂർ ഗൈഡുമാരായി പ്രവർത്തിക്കുന്നതിന് പുരുഷന്മാർക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും വനിതകൾക്കും ബാധകമായിരിക്കും. ഫാമിലികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിനോദ സഞ്ചാര യാത്രകളിൽ ഗൈഡുമാരായി പ്രവർത്തിക്കുന്നതിനാണ് വനിതകൾക്ക് അനുമതിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.