പെണ്ണുകാണലിന് വിളിച്ചു വരുത്തി കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍

തൃശൂര്‍ - പെണ്ണുകാണലിന് വിളിച്ചു വരുത്തി പണവും സ്വര്‍ണാഭരണവും കവര്‍ച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു.
പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂര്‍ തോന്നാംപാളയം അംബേദ്കര്‍ നഗര്‍ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനന്‍തുളു പ്രകാശ് (40), തിരുപ്പൂര്‍ മംഗളം റോഡ് കുറുവം പാളയം വിഘ്‌നേഷ് (23), തിരുപ്പൂര്‍ മംഗളം റോഡ് ലിബ്രോ കോമ്പൌണ്ട് മണികണ്ഠന്‍ (27) തിരുപ്പൂര്‍ മാക്കലിയമ്മന്‍ തെരുവ് ശെന്തില്‍ (42), തിരുപ്പൂര്‍ മംഗളം റോഡ് സഞ്ജയ് (35) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ.പ്രസാദും സംഘവും അറസ്റ്റുചെയ്തത്.

https://www.malayalamnewsdaily.com/sites/default/files/2021/07/27/img-20210727-wa00591.jpg
പുനര്‍വിവാഹം കഴിക്കുന്നതിനായി പത്രങ്ങളില്‍ പരസ്യം നല്‍കുന്നവരും താരതമ്യേന പ്രായമായവരുമായ വ്യക്തികളെയാണ് ഇവര്‍ ഇരകളായി കണ്ടെത്തുന്നത്. തുടര്‍ന്ന്  ഫോണിലൂടെ ബന്ധപ്പെടുകയും തന്റെ സഹോദരിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും. സുന്ദരിയും കുലീനത്വവുമുള്ള സ്ത്രീയാണ് തന്റെ സഹോദരി എന്ന് കാണിക്കുന്നതിനുവേണ്ടി ഏതെങ്കിലും ഒരു സ്ത്രീയുടെ ഫോട്ടോ വാട്‌സ് ആപ്പ് വഴി അയച്ചു കൊടുക്കും.
തമിഴ്‌നാട്ടില്‍ താമസിക്കുന്ന മലയാളി കുടുംബമാണെന്നും സഹോദരിയുടെ ഭര്‍ത്താവ് മരണപ്പെട്ടുവെന്നും, കുട്ടികളോ, ബാധ്യതകളോ ഇല്ലെന്നും മറ്റും പറഞ്ഞ് വിശ്വാസം ആര്‍ജ്ജിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനുശേഷം, പൊള്ളാച്ചിയിലുള്ള കുടുംബക്ഷേത്രത്തില്‍ ഗണപതി ഹോമവും പൂജയും നടത്തുന്നതിനായി താനും കുടുംബാംഗങ്ങളും എത്തുമ്പോള്‍ സഹോദരിയെ അവിടെയുള്ള ഫാം ഹൗസില്‍ വെച്ച് കാണാമെന്നും ചെറുക്കന്റെ വീട്ടുകാരെ അറിയിക്കുന്നു.
മൊബൈല്‍ഫോണിലൂടെ പറഞ്ഞു നല്‍കിയ കാര്യങ്ങള്‍ വിശ്വസിച്ച്  പെണ്ണുകാണല്‍ ചടങ്ങിന് എത്തുന്നവരെ പൊള്ളാച്ചിക്കടുത്തുള്ള ആളൊഴിഞ്ഞ തെങ്ങിന്‍ തോട്ടത്തിലേക്ക് അനുനയിച്ച് കൂട്ടിക്കൊണ്ടുപോകും.
ചെറുക്കനും കൂട്ടരും തങ്ങള്‍ ചതിയില്‍ കുടുങ്ങിയതായി തിരിച്ചറിയുന്നതിനു മുമ്പു തന്നെ ഒരു സംഘം ആളുകള്‍ അവരെ വളയുകയും, ഭീഷണിപ്പെടുത്തി  കൈകാലുകള്‍ ബന്ധിച്ച്, മര്‍ദ്ദിച്ച് അവശരാക്കുകയും  മൊബൈല്‍ ഫോണുകളും, പണവും, സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും, പഴ്‌സും എടിഎം കാര്‍ഡുകളും കൈവശപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
പ്രാണഭയത്താല്‍, കൈവശമുള്ള എല്ലാം നല്‍കാന്‍  ചെറുക്കനും കൂട്ടരും നിര്‍ബന്ധിതനാവുന്നു. അക്രമികള്‍ എ.ടി.എം പിന്‍ നമ്പര്‍ ആവശ്യപ്പെടുകയും ചോദിച്ചില്ലെങ്കില്‍ മര്‍ദ്ദിക്കുകയും നമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ അവര്‍ പുറത്ത് പോയി എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നു. ഇതിനുശേഷം, ക്ഷീണിതരും അവശരുമായ ചെറുക്കനേയും കൂട്ടരേയും വാഹനത്തില്‍ കയറ്റി അര്‍ധരാത്രി ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഇറക്കിവിടുന്നു.
തൃശൂര്‍ സ്വദേശിയായ മധ്യവയസ്‌കനും അടുത്ത ബന്ധുവും ഇത്തരത്തില്‍ അക്രമത്തിനിരയായി കബളിപ്പിക്കപ്പെട്ടത് ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനായിരുന്നു. പെണ്ണുകാണല്‍ ചടങ്ങിന് വിളിച്ചു വരുത്തി, കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും, സ്വര്‍ണമോതിരവും, മൊബൈല്‍ഫോണുകളും പ്രതികള്‍ കവര്‍ച്ച ചെയ്തു. കൂടാതെ ഇവരില്‍ നിന്നും എ.ടി.എം കാര്‍ഡുകളും പിന്‍ നമ്പറും കൈവശപ്പെടുത്തി നാലുലക്ഷത്തിലധികം രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയതിന് പാലക്കാട് വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനിലും, കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്.

 

Latest News