Sorry, you need to enable JavaScript to visit this website.

വന്‍ കള്ളനോട്ട് സംഘം പിടിയില്‍; 15 ലക്ഷത്തിന്റെ കള്ളനോട്ട് കേരളത്തില്‍ വിതരണം ചെയ്തു

കൊച്ചി- എറണാകുളം ഇലഞ്ഞിയില്‍ വാടക വീട്ടില്‍ നിന്നും കള്ളനോട്ട് അടിക്കുന്ന ഏഴംഗ സംഘം പിടിയില്‍.വണ്ടിപെരിയാര്‍ സ്വദേശി ആനന്ദ്(21),നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍(40),കോട്ടയം കിളിരൂര്‍ സ്വദേശി ഫൈസല്‍(34),പീച്ചി സ്വദേശി ജിബി(36),നെടുങ്കണ്ടം സ്വദേശി സ്റ്റീഫന്‍(33),പത്തനംതിട്ട സ്വദേശി മധുസൂദനന്‍(48) എന്നിവരെയാണ് എടിഎസും (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) എറണാകുളം റൂറല്‍ ജില്ലാ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടികൂടിയത്.ഇവരില്‍ നിന്ന് ഏഴരലക്ഷത്തോളം രൂപയുടെ 500 ന്റെ കള്ളനോട്ടും കണ്ടെടുത്തതായി പോലിസ് പറഞ്ഞു. അഞ്ച് പ്രിന്റര്‍,  ഫോട്ടോ സ്റ്റാറ്റ് മെഷീന്‍,  സ്‌ക്രീന്‍ പ്രിന്റിംഗ് മെഷീന്‍, നോട്ടെണ്ണുന്ന മെഷീന്‍,  മഷി,  പേപ്പറുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട് കഴിഞ്ഞ  നാല് മാസമായി ഇവര്‍ ഇവിടെ താമസിച്ചു വരികയാണെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പോലിസ് പറഞ്ഞു. 15 ലക്ഷത്തോളം രൂപ ഇവര്‍ കള്ളനോട്ടായി തന്നെ സംസ്ഥാനത്ത് വിതരണം ചെയ്തതായി സമ്മതിച്ചിട്ടുണ്ട് . ഇത്രയും തുക ചെലവഴിക്കണം എങ്കില്‍ ഇവര്‍ക്ക് അതിനുതക്ക ബന്ധങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കും എന്നാണ് പോലീസിന്റെ നിഗമനം. അച്ചടിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സേന ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയിലും മറ്റും പങ്കെടുത്തതും ഈ അന്വേഷണത്തിന്റെ ഭാഗമായാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്ക്കെടുത്തത് മധുസൂദനനായിരുന്നു. ഒളിവില്‍ പോയ മധുസൂദനനെ അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും  കസ്റ്റഡിയിലെടുത്തു. സീരിയല്‍ ഷൂട്ടിംഗിനെന്ന പേരില്‍ വീട് വാടകയ്ക്കെടുത്താണ് കള്ളനോട്ട് നിര്‍മാണം നടന്നത്. ഒന്‍പത് മാസമായി വീട്ടില്‍ കള്ളനോട്ട് നിര്‍മാണം നടത്തിയിരുന്നതായാണ് വിവരം.
 പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പോലീസും ഇലഞ്ഞിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയും അന്വേഷണ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. കള്ളനോട്ട് അടിക്കുന്നതിനു വേണ്ടിയുള്ള മുഴുവന്‍ സംവിധാനങ്ങളുമായാണ് ആളൊഴിഞ്ഞ  വീട്ടില്‍  ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ഇത്രയും വലിയ രീതിയിലുള്ള കള്ളനോട്ട് മാഫിയയെ പിടികൂടിയിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഘത്തിന്റെ അന്തര്‍സംസ്ഥാന ബന്ധവും കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഇലഞ്ഞിയില്‍ നിന്നും  അകത്തേക്കുള്ള  വഴിയിലൂടെ ചെന്നാല്‍ മാത്രമാണ് വീട് കാണാന്‍ സാധിക്കുക. സമീപത്ത് മറ്റു വീടുകള്‍ ഒന്നും ഇല്ലാത്തത്  ഇവര്‍ക്ക് കൂടുതല്‍ സൗകര്യമായി. ആരെങ്കിലും  ഇവിടേക്ക് വരുന്നത് ദൂരത്തു നിന്നു തന്നെ ഇവര്‍ക്ക് കാണാന്‍ കഴിയും. ഒരു വാഹനം മാത്രം കടന്നു പോകാന്‍ കഴിയുന്ന വഴിയായതിനാല്‍ വളരെ പെട്ടെന്ന് ആരും ഇവിടേക്ക് എത്തുകയുമില്ല . ഈ സാഹചര്യങ്ങളെല്ലാം മുതലാക്കി കൊണ്ടാണ് കഴിഞ്ഞ ഒമ്പത് മാസത്തിലധികമായി  ഇവിടെ കള്ളനോട്ട് അച്ചടിച്ചു കൊണ്ടിരുന്നത്.

 

 

Latest News