റിയാദ് - രണ്ടു മാസത്തിനിടെ നാലു ലക്ഷത്തിലേറെ നിയമ ലംഘകർ സുരക്ഷാ വകുപ്പുകളുടെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ചതിനെ തുടർന്ന് നവംബർ 15 മുതൽ കഴിഞ്ഞ തിങ്കളാഴ്ച വരെ നടത്തിയ റെയ്ഡുകളിൽ 4,08,858 ഇഖാമ, തൊഴിൽ നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 2,56,577 പേർ ഇഖാമ നിയമ ലംഘകരും 1,07,992 പേർ തൊഴിൽ നിയമ ലംഘകരും 44,289 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. ഇതേ കാലയളവിൽ അതിർത്തി വഴി സൗദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 5,701 പേരെയും സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇതിൽ 77 ശതമാനം പേർ യെമനികളും 21 ശതമാനം പേർ എത്യോപ്യക്കാരും അവശേഷിക്കുന്നവർ മറ്റു രാജ്യക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരിൽ 5,701 പേരെ നാടുകടത്തി. ഇതേ കാലയളവിൽ അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 348 പേരെയും സുരക്ഷാ വകുപ്പുകൾ പിടികൂടി.
ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സഹായങ്ങൾ നൽകിയതിന് 842 വിദേശികൾ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇതേ കുറ്റത്തിന് 132 സൗദി പൗരന്മാരെയും പിടികൂടി. ഇതിൽ 111 സൗദി പൗരന്മാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. അവശേഷിക്കുന്ന 21 പേർക്കെതിരെ നടപടികൾ പൂർത്തിയാക്കിവരികയാണ്. നിലവിൽ 12,078 നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തിൽ 2,013 പേർ വനിതകളും 10,065 പേർ പുരുഷന്മാരുമാണ്. 68,524 നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. താൽക്കാലിക യാത്രാ രേഖകൾക്ക് 60,707 പേരെ അവരവരുടെ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങൾക്ക് കൈമാറി. നാടുകടത്തുന്നതിനു മുന്നോടിയായി 66,268 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരുന്നു. രണ്ടു മാസത്തിനിടെ 91,593 പേരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു.






