Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇടിയും; ഐഎംഎഫ് പ്രവചനം തിരുത്തി

ന്യൂദല്‍ഹി- ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമാക്കി രാജ്യാന്തര നാണ്യ നിധി (ഐ.എം.എഫ്) തിരുത്തി. കോവിഡ് രണ്ടാം തരംഗം സമ്പദ്ഘടനയ്‌ക്കേല്‍പ്പിച്ച കനത്ത ആഘാതമാണ് വളര്‍ച്ചാ നിരക്ക് ഇടിയാന്‍ കാരണമെന്ന് ഐഎംഎഫിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണൊമിക് ഔട്ട്‌ലുക്ക് റിപോര്‍ട്ട് പറയുന്നു. നേരത്തെ ഐഎംഎഫ് പ്രവചിച്ചിരുന്ന വളര്‍ച്ചാ നിരക്കില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് പുതിയ പ്രവചനം. ആഗോള സാമ്പത്തിക വളര്‍ച്ച ആറ് ശതമാനത്തില്‍ തന്നെ തുടരുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. മാര്‍ച്ച്-മേയ് കാലയളവിലെ ശക്തമായ കോവിഡ് രണ്ടാം തരംഗവും ഇതു മൂലം മന്ദഗതിയിലായ തിരിച്ചുവരവുമാണ് വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുക എന്ന് റിപോര്‍ട്ട് പറയുന്നു.

ഈ പ്രവചനം ഫലിച്ചാല്‍ കോവിഡ് ബാധിച്ച രണ്ടു വര്‍ഷങ്ങളിലായി ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനത്തിലേറെ നഷ്ടമാകും. മഹാമാരി വന്നില്ലായിരുന്നു എങ്കില്‍ ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ആറ് ശതമാനം ആയിരുന്നേനെ. അതേസമയം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള (2022-23) ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 6.9 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി ഐഎംഎഫ് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
 

Latest News