VIDEO: സാധാരണക്കാരന്റെ നെഞ്ചത്ത് കയറി പിഴ അടിക്കുന്ന പരിപാടി നിര്‍ത്തണം പോലീസ് മാമാ....

കൊല്ലം-  കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പോലീസ് പിടിച്ചുപറി നടത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കെ, ചടയമംഗലത്ത് പോലീസിനെ ചോദ്യം ചെയ്ത 18 കാരി ഗൗരിയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തുവന്നു.
ബാങ്കിനു മുന്നില്‍ ക്യൂ നിന്നയാള്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പെറ്റി എഴുതിയതിനെയാണ് ഗൗരി ചോദ്യം ചെയ്തത്.  പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദക്ക് എതിരെയാണ് ചടയമംഗലം പോലീസ് കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുത്തത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി.

കേരള പോലീസിന്റെ ഔദ്യോഗിക പേജിലും പ്രതിഷേധ കമന്റുകള്‍ നിരവധിയുണ്ട്. 'മദ്യവില്‍പ്പനശാലക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പിഴ ഇല്ല. അവിടെ പൊലീസ് മാമന് പേടിയാണോ?', 'കോവിഡ് പ്രതിസന്ധിയില്‍ വഴിമുട്ടി നില്‍ക്കുന്ന സാധാരണക്കാരന്റെ നെഞ്ചത്ത് കയറി പിഴ അടിക്കുന്ന പരിപാടി നിര്‍ത്തണം പോലീസ് മാമാ എന്നിങ്ങനെയാണ് കമന്റുകള്‍.
ഗൗരി ധീരമായി പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പോലീസിന്റെ പിടിച്ചുപറി വീണ്ടും വലിയ വിവാദമായി മാറിയിട്ടുണ്ട്.

 

Latest News