ന്യൂദല്‍ഹി- കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കാമെന്ന ഉറപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി. ഇടത് എംപിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയത്.
സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എംപിമാരായ ബിനോയ് വിശ്വം, എം.വി ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍, എ.എം ആരിഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മികച്ച രീതിയില്‍ കോവിഡ് വാക്സിനേഷന്‍ നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുമ്പോള്‍ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണയും നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സീന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് മാസത്തിനുള്ളില്‍ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിന് വാക്സിന്‍ ലഭിക്കുന്നില്ല എന്നതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതുവരെ സംസ്ഥാനത്ത് 1,79,03,860 ഡോസ് വാക്‌സിനുകള്‍ ലഭിച്ചു. ഇതില്‍ ഒരു തുള്ളി പോലും വാക്‌സിന്‍ സംസ്ഥാനം പാഴാക്കിയിട്ടില്ല. ലഭിച്ച വാക്സിന്‍ ഡോസുകളില്‍ കേരളത്തിന്റെ ഉപയോഗ നിരക്ക് 105.8 ശതമാനമാണ്. എന്നാല്‍ ഒരു ദിവസത്തെ കുത്തിവെപ്പിനുപോലും നിലവില്‍ വാക്‌സിനുകള്‍ സ്റ്റോക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് 2021 ജൂലൈ 8 ന് സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘത്തോട് 90 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കൂടി അടിയന്തിരമായി ലഭ്യമാക്കാന്‍ സംസ്ഥാനം അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കേരളത്തിന് അധിക ഡോസ് വാക്‌സിനുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഇടത് എംപിമാര്‍ ആരോഗ്യ മന്ത്രിക്കു സമര്‍പ്പിച്ചു.






