ബംഗളൂരു- കര്‍ണാടകയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയിലും പരിസരത്തും ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. സിര്‍സിയില്‍ സംക്രാന്ത്രി ദിനത്തില്‍ സിറ്റി യൂണിറ്റ് നേതാവായ വിശാല്‍ മറാട്ടെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പരിപാടി നടന്ന സ്ഥലത്തെത്തി വേദിയിലും പരിസരത്തും ഗോമൂത്രം തളിക്കുകയായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു പ്രകാശ് രാജ് പങ്കെടുത്ത പരിപാടി. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന പേരില്‍ ഇടതു പ്രവര്‍ത്തകരാണ് പരിപാടി സംഘടിപ്പിച്ചത്.
ഉത്തര കന്നഡ എം പിയും കേന്ദ്ര മന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെക്കെതിരെ പ്രകാശ് രാജ് നടത്തിയ പരാമര്‍ശങ്ങളാണ് ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
പ്രദേശത്ത് പരിപാടി സംഘടിപ്പിച്ചതിലൂടെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ തങ്ങളുടെ ആരാധനായിടം അശുദ്ധമാക്കിയെന്ന് വിശാല്‍ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവരും ഗോമാംസം ഭക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവരും വന്നതോടെ സിര്‍സ നഗരം മുഴുവന്‍ അശുദ്ധമായി. സാമൂഹിക വിരുദ്ധ ഇടതു ചിന്തകര്‍ക്ക് സമൂഹം മാപ്പു കൊടുക്കില്ലെന്നും മറാട്ടെ പറഞ്ഞു.
അതിനിടെ, താന്‍ പോകുന്നിടത്തെല്ലാം ഇതുപോലെ ശുദ്ധീകരിക്കാന്‍ ഗോമൂത്രവുമായി വരുമോ എന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ ചോദിച്ചു. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.