Sorry, you need to enable JavaScript to visit this website.
Saturday , October   16, 2021
Saturday , October   16, 2021

മരുപ്പച്ച തേടിയൊരു യാത്ര

പൂത്ത് നിൽക്കുന്ന മാവ്
തോട്ടം പരിപാലിക്കുന്നവർ
ലേഖകനും സുഹൃത്തുക്കളും 
നാട്ടുവഴികളെ ഓർമപ്പെടുത്തുന്ന പാത

കൊളംബസ് അമേരിക്ക കണ്ടു പിടിച്ചതും വാസ്‌ഗോഡ ഗാമ കാപ്പാട് കാല് കുത്തിയതുമെല്ലാം നീണ്ട ഒരു യാത്രക്കു ശേഷമാണ്. യാത്രാവിവരണങ്ങൾ വായിച്ചും പഠിച്ചും ഏറെ അറിവ് നേടിയിട്ടുള്ള മലയാളികൾ അതു കൊണ്ട് തന്നെ പുതിയ പുതിയ തുരുത്തുകൾ തേടിയുള്ള യാത്രകൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. 
ഇങ്ങ് പ്രവാസ ലോകത്തും അതിനൊരു മാറ്റമൊന്നുമില്ല. ഒഴിവ് ദിവസങ്ങളിൽ എങ്ങോട്ടെങ്കിലുമൊന്ന് പോകുക എന്നത് ഒട്ടുമിക്ക പ്രവാസികളുടെയും ഒരു ശീലമാണ്. അത് ചിലപ്പോൾ മരുഭൂമിയിലേക്കാവും, അല്ലെങ്കിൽ കടലിലേക്കാകും, അതുമല്ലെങ്കിൽ പ്രകൃതി രമണീയമായ ഏതെങ്കിലും പാർക്കിലേക്കോ പർവതങ്ങളിലേക്കോ ആകും. 


കൊറോണയെന്ന മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയതോടെ അത്തരം യാത്രകൾക്ക് ഒരു കടിഞ്ഞാൺ വീണിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും പഴയ പ്രതാപത്തിലേക്ക് പ്രവാസ ലോകം തിരിച്ചു വരുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ചെറിയ പെരുന്നാളിൽനിന്നും വിഭിന്നമായി ഈ ബലി പെരുന്നാളിൽ പലരും പല യാത്രകൾ സംഘടിപ്പിച്ചു കണ്ടത്.


സൗദി ഭരണകൂടത്തിന്റെ ചിട്ടയായ പ്രവർത്തനങ്ങളുടെ ഭാഗമായി കൊറോണ വാക്‌സിനേഷനും അനുബന്ധ കാര്യങ്ങളും യാതൊരു പരാതികൾക്കും ഇട നൽകാത്ത തരത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതും ഇവിടെ ജീവിക്കുന്നവരിൽ ഏറെ ആത്മവിശ്വാസം വളർത്താനും അതുവഴി മനസ്സിന് സന്തോഷം നൽകാനും അവസരമേകിയിട്ടുണ്ട്. മനസ്സിന് സമാധാനം ഉണ്ടാകുമ്പോഴാണല്ലോ നമുക്ക് പലതിനും ഉത്സാഹവും ഉണർവും ഉണ്ടാവുക. 


കൊറോണയുടെ വരവിന് മുമ്പുള്ള എല്ലാ പെരുന്നാളുകളിലും എങ്ങോട്ടെങ്കിലും ഒരു യാത്ര പോകുക എന്നത് എന്റെയും ശീലമായിരുന്നു. എന്നാൽ കൊറോണ തരംഗം ആഞ്ഞു വീശിയതിൽ പിന്നെ നാട്ടിൽ പോകുന്നതടക്കമുള്ള എല്ലാ യാത്രകളും അവതാളത്തിലായി. ജോലി, താമസ കേന്ദ്രം എന്നൊരു അവസ്ഥയിലേക്കാണ് പിന്നീട് ജീവിതം മാറിയത്. ഇടക്കിടെ പോകുമായിരുന്ന ഷറഫിയ്യ പോലും ഏറെ അകലെയായി. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ചെറിയ പെരുന്നാളിന് സുഹൃത്ത് സമീർ ഫെയ്‌സ്ബുക്കിൽ ഇട്ട ഒരു ഫോട്ടോ കണ്ടത്. നാടാണെന്ന് തോന്നിക്കുന്ന ഒരു സ്ഥലം. നിറയെ വാഴയും മൂച്ചിയും പേരക്കയും പ്ലാവുമെല്ലാം ഇടതൂർന്ന് നിൽക്കുന്ന സ്ഥലം. മാമ്പഴം കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തുനിന്ന് അവനെടുത്ത ഫോട്ടോ ഏറെ രസകരമായി തോന്നി. 


വിവരങ്ങൾ അന്വേഷിച്ചപ്പോഴാണറിഞ്ഞത് ജിദ്ദയിലെ ഷറഫിയ്യയിൽനിന്നും ഏകദേശം 135 കിലോമീറ്റർ ദൂരം മാത്രമുള്ള അൽ ഖുവാർ എന്ന സ്ഥലത്തെ ഒരു തോട്ടമാണതെന്നത്. അങ്ങനെയാണ് ഈ ബലിപെരുന്നാളിന് യാത്ര അങ്ങോട്ടേക്കാക്കാമെന്ന് തീരുമാനിച്ചത്. അതിനായി പെങ്ങളുടെ മകൻ അക്ബറിനേയും സുഹൃത്ത് ഷംസുവിനേയും ചട്ടം കൂട്ടി. 
സമീർ ലൊക്കേഷൻ അയച്ചു തന്നിരുന്നു. ആ അവസരത്തിൽ അവനൊരു കാര്യം പ്രത്യേകം ഓർമിപ്പിച്ചിരുന്നു. 


അങ്ങനെ ഞങ്ങൾ മൂന്ന് പേരും കൂടി രണ്ടാം പെരുന്നാളിന് രാവിലെ പത്ത് മണിക്ക് തോട്ടം ലക്ഷ്യമാക്കി പുറപ്പെട്ടു. അസ്ഫാൻ വഴിയാണ് യാത്ര. അസ്ഫാനിൽനിന്നും ഏകദേശം 23 കിലോമീറ്റർ ദൂരമുണ്ട് അൽ ഖുവാർ എന്ന സ്ഥലത്തേക്ക്. മലകൾ ഇടിച്ച് നിരപ്പാക്കി ഉണ്ടാക്കിയ നീണ്ടു നിവർന്ന് കിടക്കുന്ന റോഡുകൾ. ഇരുവശവും മലകൾ മാത്രം. അസ്ഫാൻ അങ്ങാടി കഴിഞ്ഞാൽ പിന്നെ ഏറെക്കുറെ വിജനമായ സ്ഥലമാണ്. വൺവെ റോഡിന് പകരം നാട്ടിലെപ്പോലെ ഒറ്ററോഡിൽ തന്നെ ഇരുവശത്തേക്കും വാഹനങ്ങൾ സഞ്ചരിക്കുന്ന രീതിയാണ്. വാഹനത്തിരക്കില്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങൾ അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. വാഹനങ്ങളുടെ വരവ് കാണുമ്പോൾ തന്നെ ഉള്ളിൽ ചെറിയൊരു ഭയം ഉടലെടുക്കും. 


സമീർ അയച്ചു തന്ന ലൊക്കേഷൻ അനുസരിച്ചാണ് യാത്ര. ഏകദേശം ലക്ഷ്യസ്ഥാനത്തോടടുത്തപ്പോൾ ഗൂഗ്ൾ മാപ്പ് കളി തുടങ്ങി. പല വഴികൾ കാണിച്ചു തരാൻ തുടങ്ങി. അപ്പോഴാണ് ലൊക്കേഷൻ അയച്ചു തന്നപ്പോൾ സമീർ പറഞ്ഞ കാര്യം ഓർത്തത്. ഗൂഗ്ൾ മാപ്പിന്റെ ഈയൊരു കളിയിൽ അവരും കുടുങ്ങിയിരുന്നു. അങ്ങനെ അവിടെ വെച്ച് അവനെ വിളിച്ചു. അവനാണ് തിരിയേണ്ട സ്ഥലത്ത് ഇടത് ഭാഗത്തായി ഒരു പച്ച ബോർഡ് ഉണ്ടെന്നും മർവാനി ഡാമിലേക്കുള്ള വഴി സൂചിപ്പിക്കുന്ന ആരോമാർക്കുള്ള ഒരു ബോർഡ് വലതു വശത്തുണ്ടെന്നും അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വളവും തിരിവും ചുരം പോലുള്ള കയറ്റിറക്കങ്ങളും കഴിഞ്ഞ് റോഡ് അവസാനിക്കുന്നിടത്തു നിന്നും കുറച്ചു കൂടി മുന്നോട്ട് പോയാൽ മർവാനി ഡാം കാണാമെന്നും അതിന്റെ ഇടതു ഭാഗത്തായിട്ടാണ് ഈ തോട്ടം എന്നും പറഞ്ഞ് തന്നത്.


അങ്ങനെ രണ്ട് മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ഞങ്ങളവിടെയെത്തി. ഞങ്ങളെത്തും മുമ്പെ അവിടെയെത്തിയ കുറച്ച് പേർ അപ്പോൾ അവിടെയുണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ കണ്ടത് കൺകുളിർക്കും കാഴ്ചകൾ. കരിപ്പൂരിൽ വിമാനം ലാന്റ് ചെയ്യുമ്പോൾ കാണുന്ന അതേ കാഴ്ച. കാറിൽ നിന്നും കാല് കുത്തിയത് നാട്ടിലാണോ എന്നൊരു തോന്നൽ.


വേലിക്കെട്ടുകളോ മതിലുകളോ ഗേറ്റുകളോ ഇല്ലാത്ത ഏത് വഴിക്കും പ്രവേശിക്കാവുന്ന വലിയൊരു തോട്ടം. പരിസരമൊന്ന് വീക്ഷിച്ചപ്പോൾ കുറച്ച് ദൂരെയായി രണ്ട് പേർ ഇരിക്കുന്നത് കണ്ടു. അവരുടെ അടുത്തേക്ക് ചെന്നു. സലാം പറഞ്ഞു, പരിചയപ്പെട്ടു. ആ തോട്ടം നോക്കി പരിപാലിക്കുന്നവരായിരുന്നു അവർ. ഒന്ന് മുഹമ്മദും മറ്റൊന്ന് അലിയും. 30 വർഷമായി ആ തോട്ടം അവിടെയുണ്ടെന്ന് അവർ പറഞ്ഞപ്പോൾ അത്ഭുതം തോന്നി. കാരണം ഇത്രയും പ്രകൃതി മനോഹരമായ സ്ഥലം കണ്ടെത്താൻ മലയാളികൾ വൈകിയത് എങ്ങനെ എന്നാണ് ഞാനാലോചിച്ചത്. ഇപ്പോൾ അവിടെ എത്തുന്നത് മലയാളികൾ മാത്രമായത് കൊണ്ടാണോ എന്തോ അവിടെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ ഒരു ബോർഡ് കണ്ടു. അതിൽ പരിസരം വൃത്തിയായി സൂക്ഷിക്കാനും പ്ലാസ്റ്റിക് കുപ്പികളും കീസുകളും അലക്ഷ്യമായി വലിച്ചെറിയരുത് എന്നൊരു മുന്നറിയിപ്പും ഉണ്ട്. എന്നിട്ടും പലയിടങ്ങളിലും കുടിച്ച് വലിച്ചെറിഞ്ഞ വെള്ളക്കുപ്പികൾ യഥേഷ്ടം കാണുന്നുണ്ടായിരുന്നു. 


ഇപ്പോൾ തോട്ടത്തിലെ മുക്കാൽ ഭാഗത്തും വാഴയാണ്. റോവസ്റ്റ് കുലകൾ ഒന്നും തന്നെ മൂപ്പെത്തിയിട്ടില്ല. മാമ്പഴക്കാലം റമദാൻ കഴിയുന്നതോടെ തീരുമെന്ന് മുഹമ്മദ് പറഞ്ഞു. ഇപ്പോൾ ചൂട് കാലമായത് കൊണ്ട് ഈത്തപ്പഴ സീസണാണ്. ഈത്തപ്പനകളിലെല്ലാം കുരുവികൾ കൂട് കൂട്ടിയിട്ടുണ്ട്. അവയുടെ കിളി കിളി ശബ്ദം മനസ്സിന് വല്ലാത്തൊരു ആനന്ദം നൽകും. അവർ കഴിക്കുന്നതിനിടെ താഴെ വീണ ഈത്തപ്പഴങ്ങൾ നിലത്ത് ചിതറിക്കിടക്കുന്നുണ്ട്. നട്ടുച്ച സമയമായിട്ടും തോട്ടത്തിലൂടെ ഒഴുകിയെത്തുന്ന കാറ്റ് മനസ്സിനും ശരീരത്തിനും കുളിർമയേകിക്കൊണ്ടേയിരുന്നു. 


സൊറ പറഞ്ഞിരിക്കാനും പ്രവാസ ജീവിതത്തിലെ പിരിമുറുക്കത്തിന് ആശ്വാസം ലഭിക്കാനും പറ്റിയ ഇടമാണിവിടം. കുറച്ചു നേരം ഇവിടെയങ്ങനെ ഇരുന്നാൽ കണ്ണിലൂടെ കടന്നുപോകുന്ന വാഴകളും പേരക്കയും നാരങ്ങയും പ്ലാവുമെല്ലാം നമ്മെ നാടോർമയിലെത്തിക്കുമെന്ന കാര്യം തീർച്ചയാണ്. തോട്ടമെല്ലാം ചുറ്റിക്കറങ്ങി തിരിച്ചുപോരാൻ നേരമാണ് ഒരു കൊണ്ടോട്ടി ഫാമിലി അവിടെയെത്തിയത്. ഗൂഗിൾ മാപ്പ് വട്ടം കറക്കി കുഴങ്ങിയ കഥ അവരും പറഞ്ഞു. കൈയിലുണ്ടായിരുന്ന വെള്ളം ദാഹപരവശരായ അവർക്ക് കൊടുത്തപ്പോൾ അവർ റൂമിൽനിന്നും കൊണ്ടുവന്ന നല്ല സേമിയ പായസം തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. അതിനിടെ ഭക്ഷണവുമായി വന്ന് അവിടെയുള്ള ചെറിയ കുറ്റി പന്തലിൽ വെച്ച് കഴിക്കുന്ന ബാച്ചിലേഴ്‌സിനേയും പരിചയപ്പെട്ടു. തോട്ടക്കാരൻ മുഹമ്മദിനെ പരിചയപ്പെട്ടപ്പോൾ കുറച്ച് കായ വറുത്തത് ഞങ്ങൾ അദ്ദേഹത്തിന് കൊടുത്തിരുന്നു. തിരിച്ചു പോരാൻ നേരം അദ്ദേഹം ഞങ്ങൾക്ക് അപ്പോൾ പറിച്ചു വെച്ച കുറച്ച് ഈത്തപ്പഴം തന്നു. വീണ്ടും കാണാം എന്ന് പറഞ്ഞ് സലാം പറഞ്ഞ് ഞങ്ങൾ ജിദ്ദയിലേക്ക് പുറപ്പെട്ടു. 


കാർ അര മണിക്കൂർ ഓടിക്കാണും. പെട്ടെന്ന് കാറിനുള്ളിലെ എ.സി യുടെ തണുപ്പ് കുറഞ്ഞു വന്നു. പുറത്തെ ചൂടിന്റെ കാഠിന്യം മൂലമാകും എന്നാണ് ആദ്യം കരുതിയത്. എന്നാൽ എന്തോ പന്തികേട് തോന്നിയ വണ്ടി ഓടിച്ചിരുന്ന ഷംസു കാർ പതുക്കെ സൈഡാക്കി. പുറത്തിറങ്ങി ബോണറ്റ് തുറന്ന് നോക്കുമ്പോൾ റേഡിയേറ്ററിന്റെ അടപ്പ് കാണാനില്ല. റേഡിയേറ്ററിൽ ഒരു തുള്ളി വെള്ളമില്ല. അറിയാതെ കുറച്ചു കൂടി മുന്നോട്ടു പോയിരുന്നുവെങ്കിൽ എഞ്ചിൻ തന്നെ കേടു വരുമായിരുന്ന അവസ്ഥ. 


വിജനമായ സ്ഥലം. ഒരാളും മനുഷ്യനുമില്ല. ചീറിപ്പാഞ്ഞു പോകുന്ന പല വണ്ടികൾക്കും കൈ കാണിച്ചു. ചിലർ നിർത്തി, കാര്യം പറഞ്ഞപ്പോൾ അവർ ഞങ്ങൾക്ക് കുടിക്കാനുള്ള അവരുടെ കൈവശമുള്ള ചെറിയ കുപ്പികൾ തന്നു. അത് മതിയാകുമായിരുന്നില്ല കാറിന്റെ ദാഹം ശമിക്കാൻ. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് എതിർദിശയിൽ നിന്നും ഒരു വെള്ളക്കാർ പാഞ്ഞു വരുന്നത് കണ്ടത്. കൈ കാണിച്ചതും മുൻപിൻ നോക്കാതെ ഞങ്ങളുടെ വണ്ടിയുടെ അടുത്തായി വണ്ടി നിർത്തി. ഒരു സൗദി യുവാവ്. അലക്ഷ്യമായി ധരിച്ച തൊപ്പിയും അതിന് മുകളിൽ കറുത്ത വട്ടും വെച്ചിട്ടുണ്ട്. അവനോട് കാര്യം പറഞ്ഞു. കുറച്ച് നേരം ആലോചിച്ചിട്ട് ഷംസുവിനോട് കാറിൽ കയറാൻ പറഞ്ഞു. കുറച്ചകലെയായി ആരോ ഉപേക്ഷിച്ച ഒരു വെളുത്ത കാൻ കിടപ്പുണ്ടായിരുന്നു. അതുമെടുത്ത് ഷംസു അവന്റെ വണ്ടിയിൽ കയറി. കാർ ഞങ്ങളുടെ മുന്നിൽ നിന്നും ചീറിപ്പാഞ്ഞു. ഒരു ചെറിയ പേടി ഞങ്ങളുടെ ഉള്ളിലുണ്ടായി. 


എന്നാൽ അരമണിക്കൂറിനുള്ളിൽ ആംബുലൻസ് വാഹനം ലൈറ്റിട്ട് വരുന്നത് പോലെ ഹെഡ് ലൈറ്റിട്ട് കാർ തിരിച്ചെത്തി. റേഡിയേറ്ററിലേക്ക് വെള്ളമൊഴിച്ചതും ബെൻ യാമിന്റെ ആടുജീവിതത്തിലെ കഥാപാത്രം അനുഭവിച്ച വേദന റേഡിയേറ്ററും അനുഭവിച്ചതായി എനിക്ക് തോന്നി. കാരണം ഒഴിച്ച വെള്ളം അതേപടി പുറത്തേക്ക് തുപ്പുന്നതാണ് കണ്ടത്.
പിന്നീട് കുറേശ്ശെയായി ഒഴിച്ച് കൊടുത്തപ്പോൾ സാവധാനത്തിൽ കുടിച്ച് റേഡിയേറ്ററിന്റെ വയറ് നിറഞ്ഞപ്പോഴേക്കും ഏഴ് റിയാലിന് കടയിൽനിന്നും വാങ്ങുന്ന വെള്ളക്കാനിലെ വെള്ളം മുഴുവൻ തീർന്നിരുന്നു. 


സൗദി യുവാവിനോട് നന്ദി പറഞ്ഞ് വന്ന വഴിക്ക് തന്നെ അവൻ തിരിച്ചു പോകുന്നത് കണ്ടപ്പോൾ ഞങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം പടച്ചവൻ പറഞ്ഞയച്ചതാണോ അവനെ എന്ന് തോന്നിപ്പോയി. അവിടെ വെച്ച് എനിക്കൊരു കാര്യം മനസ്സിലായി. ജീവനുള്ളതും അല്ലാത്തതുമായ എല്ലാ വസ്തുക്കൾക്കും ഈ ഭൂമിയിൽ നിലനിൽക്കണമെങ്കിൽ വെള്ളം അത്യാവശ്യമാണ് എന്നത്. ഫുൾ ടാങ്ക് പെട്രോൾ ഉണ്ടായിട്ടൊന്നും കാര്യമില്ല വണ്ടി മുന്നോട്ട് പോകണമെങ്കിൽ റേഡിയേറ്ററിൽ വെള്ളം അത്യാവശ്യമാണ് എന്ന സത്യം തിരിച്ച് റൂമിലെത്തിയിട്ടും എന്നെ വല്ലാത്തൊരു ചിന്തയിലേക്ക് കൊണ്ടു പോയി. അല്ലെങ്കിലും ഓരോ അനുഭവങ്ങളാണല്ലോ നമ്മെ ഓരോന്നും പഠിപ്പിക്കുന്നത്.
 

Latest News