Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയ പൗരത്വം നിഷേധിച്ച ഐഎസ് യുവതിയെ സ്വീകരിക്കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി

വെല്ലിങ്ടന്‍- ഭീകരസംഘടനയായ ഐഎസ് അംഗമെന്ന് സംശയിച്ച് തുര്‍ക്കി പിടികൂടി നാടുകടത്താനൊരുങ്ങുന്ന ഓസ്‌ട്രേലിയക്കാരിയായ യുവതിയേയും മക്കളേയും ന്യൂസീലന്‍ഡ് സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആഡേണ്‍. ഐഎസ് ബന്ധം ആരോപിച്ച് ഓസ്‌ട്രേലിയ സുഹൈറ ഏദന്‍ എന്ന 26കാരിയുടെ പൗരത്വം റദ്ദാക്കിയിരുന്നു. ന്യുസീലന്‍ഡില്‍ ജനിച്ച സുഹൈറ ആറാം വയസ്സില്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതായിരുന്നു. ഭീകരസംഘടനയ്‌ക്കൊപ്പം ചേര്‍ന്ന് പൊരുതിയ ഭീകരവാദികള്‍ക്ക് പൗരത്വത്തിന്റെ ആനുകൂല്യം ഇല്ലെന്നും സുഹൈറ രാജ്യത്തിന്റെ ശത്രുവാണെന്നും ഓസ്‌ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചിരുന്നു. 

2014ലാണ് സുഹൈറ ഓസ്‌ട്രേലിയയില്‍ നിന്ന് സിറിയയിലേക്കു പോയി ഐഎസിനൊപ്പം ചേര്‍ന്നത്. സ്വീഡന്‍കാരനായ ഒരു ഐഎസ് അംഗത്തെ വിവാഹം ചെയ്തിരുന്നതായി സുഹൈറ 2019ല്‍ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് ഓസ്‌ട്രേലിയന്‍ മാധ്യമത്തോട് പറഞ്ഞിരുന്നു. സിറയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതനിടെ തുര്‍ക്കി അധികൃതരുടെ പിടിയിലാകുകയായിരുന്നു. 

സുഹൈറയേയും കുട്ടികളേയും സ്വീകരിക്കാന്‍ എടുത്ത തീരുമാനം നിസ്സാരമല്ലെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത പറഞ്ഞു. പൗരത്വം റദ്ദാക്കിയതിലൂടെ ഓസ്‌ട്രേലിയ അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സുഹൈറയെ സ്വീകരിക്കുന്നതിലൂടെ ന്യൂസീലന്‍ഡുകാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജസീന്ത വ്യക്തമാക്കി. 

സുഹൈറയെ ഓസ്‌ട്രേലിയ സ്വീകരിക്കണമെന്ന് നേരത്തെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൗരത്വം റദ്ദാക്കിയ പശ്ചാത്തലത്തില്‍ അവരെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ജസീന്ത അറിയിക്കുകയായിരുന്നു. യുവതിയും മക്കളും പൗരത്വമില്ലാത്തവരായി പോകുമെന്നും അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും നിയമപരമായി ന്യൂസീലന്‍ഡ് മാത്രമാണ് അവര്‍ക്ക് ഇനി ജീവിക്കാവുന്ന ഏക ഇടമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവതി ക്രിമിനല്‍ അന്വേഷണം നേരിടേണ്ടതുണ്ടോ എന്ന കാര്യം പോലീസാണ് തീരുമാനിക്കേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News